വിമാനം ഇപ്പോൾ പൊട്ടിത്തെറിക്കും, ഞാൻ താലിബാൻ അംഗമാണ്: തമാശ പണി ആയപ്പോൾ


സ്‌പെയിൻ: തമാശയ്ക്ക് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശത്തിന്റെ പേരിൽ പുലിവാൽ പിടിച്ചിരിക്കുകയാണ് ആദിത്യ വർമ എന്ന യുവാവ്. വിമാന സ്‌ഫോടനം നടത്താൻ പോകുന്നു എന്ന് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശമാണ് യുവാവിന് വിനയായത്. ബ്രിട്ടിഷ് ഇന്ത്യൻ വിദ്യാർഥിയായ ആദിത്യ വർമയാണ് സംഭവവുമായി ബന്ധപ്പെട്ട് സ്‌പെയിനിൽ വിചാരണ നേരിടുന്നത്. 2022 ൽ സുഹൃത്തുകൾക്കൊപ്പം സ്‌പെയിനിലെ മെനോർക്കയിലേക്കുള്ള യാത്രയിലാണ് സംഭവം നടന്നത്. വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപ് സ്‌നാപ്ചാറ്റ് വഴി സുഹൃത്തുക്കൾക്ക് അയച്ച സന്ദേശമാണ് ഇദ്ദേഹത്തെ കുടുക്കിയത്.

‘വിമാനത്തിൽ സ്‌ഫോടനമുണ്ടാക്കാൻ പോകുന്നു, താൻ താലിബാനിൽ അംഗമാണ്’ എന്നായിരുന്നു ഈ സന്ദേശത്തിൽ പറഞ്ഞിരുന്നത്. എന്നാൽ അമേരിക്കൻ സെക്യുരിറ്റി ഏജൻസി ഈ സന്ദേശം കണ്ടെത്തിയതോടെ സംഭവം സീരിയസായി. വിമാനത്തിന് നേരെ ഭീകരാക്രമണ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മെനോർക്കയിൽ വിമാനം എത്തുന്നത് വരെ രണ്ട് സ്പാനിഷ് എഫ്-18 യുദ്ധവിമാനങ്ങൾ പിന്തുടർന്നിരുന്നു. തുടർന്ന് ആദിത്യയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

തമാശയായി പറഞ്ഞതാണെന്നും തനിക്ക് താലിബാനുമായി ബന്ധമില്ലെന്നും പോലീസിനോട് ആദിത്യ വ്യക്തമാക്കിയിരുന്നു. തനിക്ക് താലിബാൻ ഭീകരരുമായി രൂപസാദൃശ്യം ഉണ്ടെന്ന് എല്ലാവരും തമാശയായി പറയുമെന്നും അതുകൊണ്ടാണ് താൻ അത്തരമൊരു സന്ദേശം സുഹൃത്തുകൾക്ക് അയച്ചതെന്നും ആദിത്യ പോലീസിനോട് വെളിപ്പെടുത്തി. എന്നാൽ, ചെയ്ത കുറ്റത്തിന് ആദിത്യയിൽ നിന്ന് പിഴ ഈടാക്കാനാണ് അധികൃതരുടെ തീരുമാനമെന്നാണ് റിപ്പോർട്ട്.