പിറന്ന ഉടനെ തന്നെ വേർപിരിയേണ്ടി വന്നു: വർഷങ്ങൾക്കിപ്പുറം ടിക് ടോക്ക് വീഡിയോയിലൂടെ ഒന്നുചേർന്ന് ഇരട്ടകൾ


ബെർലിൻ: പിറന്ന ഉടനെ തന്നെ വേർപിരിയേണ്ടി വന്ന ഇരട്ടസഹോദരികൾ വർഷങ്ങൾക്കിപ്പുറം ഒന്നിച്ചു. ആമി, അനോ തുടങ്ങിയ പേരുകളിലുള്ള ഇരട്ട സഹോദരികളാണ് വർഷങ്ങൾക്കിപ്പുറം ഒന്നിച്ചത്. കണ്ടാൽ ഒരു വ്യത്യാസവും എടുത്തുപറയാനില്ലാത്ത ഇരട്ടകളാണിവർ. ജനിച്ചയുടനെ അവരെ അമ്മയിൽ നിന്ന് എടുത്തുമാറ്റുകയും മറ്റ് രണ്ട് കുടുംബങ്ങളിലേയ്ക്ക് നൽകപ്പെടുകയും ചെയ്തിരുന്നു. തനിക്കൊരു ഇരട്ട സഹോദരി ഉണ്ടെന്നറിയാതെയാണ് ഇരുവരും ഇക്കാലമത്രയും ജീവിച്ചതും. വർഷങ്ങൾക്ക് ശേഷം, ടിക്ടോക്ക് വീഡിയോയിലൂടെയാണ് ഇരുവരും കണ്ടുമുട്ടിയത്.

2021 നവംബറിൽ, ആമി മുടി നീല നിറത്തിലാക്കുകയും പുരികത്തിൽ പിയേഴ്‌സിംഗ് ചെയ്യുകയും ചെയ്തുകൊണ്ട് വളരെ വ്യത്യസ്തമായ ഗെറ്റപ്പിലുള്ള ഒരു വീഡിയോ ടിക് ടോക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ആമിയുടെ സ്വദേശത്തു നിന്നും ഏകദേശം 300 കിലോമീറ്റർ അകലെയുള്ള ടിബിലിസിയിൽ, മറ്റൊരു 19 വയസ്സുകാരി അനോ സർതാനിയയ്ക്ക് ഒരു സുഹൃത്ത് ഈ പെൺകുട്ടി അനോയെപ്പോലെയുണ്ടെന്ന് പറഞ്ഞ് ആമിയുടെ വീഡിയോ അയച്ചുകൊടുത്തു. ഇതോടെയാണ് ഇവരുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടായത്. പിന്നീട് ആമിയെ കണ്ടെത്താനായി അനോ സമൂഹ മാധ്യമങ്ങളിൽ തിരഞ്ഞെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് ആരെങ്കിലും സഹായിക്കുമോ എന്നറിയാൻ അനോ ഒരു യൂണിവേഴ്‌സിറ്റി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ആ വീഡിയോ പങ്കിട്ടു. ആമിയെ അറിയാവുന്ന ആരോ മെസേജ് കണ്ട് അവരെ ഫേസ്ബുക്കിൽ കണ്ടുമുട്ടാൻ സഹായിച്ചു.

എന്നാൽ, ജനന തീയതിയിലെ വ്യത്യാസങ്ങൾ വീണ്ടും ഇവർക്കിടയിൽ പ്രതിബന്ധമായി വന്നു. പടിഞ്ഞാറൻ ജോർജിയയിലെ കിർറ്റ്സ്‌കി മെറ്റേണിറ്റി ഹോസ്പിറ്റലിലാണ് ഇരുവരും ജനിച്ചത്. എന്നാൽ അവരുടെ ജനന സർട്ടിഫിക്കറ്റ് അനുസരിച്ച്, അവരുടെ ജന്മദിനങ്ങൾ രണ്ടാഴ്ചകളുടെ വ്യത്യാസത്തിലായിരുന്നു. ഫേസ്ബുക്കിലൂടെ ആശയവിനിമയം നടത്തിയിരുന്ന സഹോദരിമാർ നേരിട്ടു കാണാൻ തീരുമാനിച്ചു. ടിബിലിസിയിലെ റുസ്തവേലി മെട്രോ സ്റ്റേഷനിൽ വച്ചാണ് ഇരട്ട സഹോദരിമാർ ജീവിതത്തിൽ ആദ്യമായി കണ്ടുമുട്ടിയത്. അപ്പോഴാണ് ഇരുവരും ഇരട്ടസഹോദരികളാണെന്ന കാര്യത്തിൽ ഒന്നുകൂടി തീർച്ച വന്നത്. കൂടുതൽ അന്വേഷിച്ചപ്പോൾ, അവർ തങ്ങളുടെ ജനനത്തീയതി ഉൾപ്പെടെയുള്ള ഔദ്യോഗിക വിശദാംശങ്ങൾ തെറ്റാണെന്ന് കണ്ടെത്തി. ഇതോടെ ഇവർ കൂടുതൽ അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് രഹസ്യ വിവരങ്ങളുടെ ചുരുളഴിഞ്ഞത്.

കുട്ടികളുണ്ടാകാത്ത തന്നോട്, പ്രാദേശിക ആശുപത്രിയിൽ ഒരു കുഞ്ഞ് ഉണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞതായി ആമിയുടെ അമ്മ പറയുന്നു. ഡോക്ടർമാർക്ക് പണം നൽകി ആ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി സ്വന്തമായി വളർത്തുകയായിരുന്നു ഇവർ. അനോയുടെ അമ്മയോടും ആശുപത്രി അധികൃതർ ഇക്കാര്യം തന്നെയാണ് പറഞ്ഞത്. ദത്തെടുക്കപ്പെട്ട രണ്ടു കുടുംബങ്ങൾക്കും പെൺകുട്ടികൾ ഇരട്ടകളാണെന്ന് അറിയില്ലായിരുന്നു.