ഹമാസ് ആക്രമണത്തിന് സഹായം ചെയ്തു, ഐക്യരാഷ്ട്രസഭ ഏജന്‍സിക്കെതിരെ റിപ്പോര്‍ട്ട്: കടുത്ത നടപടികളുമായി പാശ്ചാത്യ രാജ്യങ്ങള്‍
ലണ്ടൻ: ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിൽ ഐക്യരാഷ്ട്രസഭ ഏജന്‍സിയിൽ ജോലി ചെയ്യുന്ന ചില ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ഗുരുതര ആരോപണത്തെ തുടർന്ന് ഒട്ടേറെ ജീവനകകാരെ പിരിച്ചുവിട്ടിരുന്നു. തുടർന്ന് യുഎൻ അഭയാർഥി ഏജൻസിക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ചിരിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങള്‍. ആറ് യൂറോപ്യൻ രാജ്യങ്ങൾ പലസ്തീനികൾക്കായുള്ള ധനസഹായം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ഏജന്‍സിയിലെ ജീവനക്കാര്‍ക്ക് ഒക്ടോബര്‍ 7ന് രാജ്യത്ത് ഇസ്രയേലില്‍ 1,300 പേരുടെ ജീവനെടുത്ത ഹമാസ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പാശ്ചാത്യ രാജ്യങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒട്ടേറെ ജീവനക്കാരെ പുറത്താക്കിയെന്നും അന്വേഷണത്തിന് ഉത്തരവിട്ടെന്നും യുഎന്‍ആര്‍ഡബ്ല്യുഎ അറിയിച്ചു. ബ്രിട്ടൻ, ജർമ്മനി, ഇറ്റലി, നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, ഫിൻലാൻഡ് എന്നീ രാജ്യങ്ങളാണ് ധനസഹായം നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്.
നടുക്കുന്ന വാര്‍ത്തയാണിതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെരസ് പറഞ്ഞു. ആരോപണത്തില്‍ അന്വേഷണം നടത്തുമെന്നും ഏതെങ്കിലും ജീവനക്കാര്‍ക്കെതിരെ കുറ്റംതെളിഞ്ഞാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും ഏജന്‍സി തലവന്‍ ഫിലിപ്പ് ലാസറിനി വ്യക്തമാക്കി. യുദ്ധം അവസാനിച്ചാല്‍ ഏജന്‍സിയുടെ ഗാസയിലെ പ്രവര്‍ത്തനം നിറുത്തുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. 1949ല്‍ സ്ഥാപിതമായ ഏജന്‍സി, ഗാസ, വെസ്റ്റ് ബാങ്ക്, ജോര്‍ദ്ദാന്‍, ലെബനന്‍, സിറിയ എന്നിവിടങ്ങളിലെ പാലസ്തീനികള്‍ക്കായി ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും മറ്റ് മാനുഷിക സഹായങ്ങളും നല്‍കിവരുന്നു. ഗാസയില്‍ യുദ്ധക്കെടുതികള്‍ നേരിടുന്ന സാധാരണക്കാരിലേക്ക് സഹായങ്ങള്‍ പ്രധാനമായും എത്തിക്കുന്നതും ഈ ഏജന്‍സി വഴിയാണ്.
ഗാസയിലെ 2.3 ദശലക്ഷം ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ഈ ഏജൻസിയുടെ സഹായം ലഭിക്കുന്നുണ്ട്. ഒക്‌ടോബർ 7 ആക്രമണത്തിന് ശേഷം ഹമാസിനെ ഉന്മൂലനം ചെയ്യാൻ ഇസ്രായേൽ ആരംഭിച്ച യുദ്ധത്തിൽ ഇത് നിർണായക സഹായ പങ്കാണ് വഹിച്ചത്. ഇസ്രേലി പ്രധാനമന്ത്രിയുടെ ഉപദേശകന്‍ മാര്‍ക്ക് രെഗെവ് ആണ്, യുഎന്‍ ഏജന്‍സിയുടെ ശമ്പളം പറ്റുന്നവര്‍ക്കും ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ചത്. യുഎന്‍ആര്‍ഡബ്ല്യുഎ നടത്തുന്ന സ്‌കൂളിലെ അധ്യാപകര്‍ ഭീകരാക്രമണം പരസ്യമായി ആഘോഷിച്ചു. മോചിപ്പിക്കപ്പെട്ട ബന്ദികളിലൊരാളെ പാര്‍പ്പിച്ചിരുന്നത് യുഎന്‍ആര്‍ഡബ്ല്യുഎ ജീവനക്കാരന്റെ വീട്ടിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാനുഷിക സഹായം നൽകാനുള്ള ഏജൻസിയുടെ കഴിവ് സംരക്ഷിക്കുന്നതിനായി ചില സ്റ്റാഫ് അംഗങ്ങളുടെ കരാർ അവസാനിപ്പിക്കാൻ തീരുമാനിച്ചതായി അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ലാസറിനി വെള്ളിയാഴ്ച പറഞ്ഞു. ആക്രമണത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ജീവനക്കാരുടെ എണ്ണമോ അവരുടെ പങ്കാളിത്തത്തിൻ്റെ സ്വഭാവമോ ലസാരിനി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ‘ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരു UNRWA ജീവനക്കാരനും’ ക്രിമിനൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള ഉത്തരവാദിത്തം വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.