മനുഷ്യനില്‍ ‘ബ്രെയിന്‍ ചിപ്പ്’ പ്രവര്‍ത്തിച്ചു തുടങ്ങി: പ്രാരംഭ ഫലം വിജയകരമെന്ന് ഇലോൺ മസ്ക്


ന്യൂഡൽഹി: ഇലോൺ മസ്‌ക് സഹ സ്ഥാപകനായി സ്ഥാപിച്ച ന്യൂറോടെക്നോളജി കമ്പനിയുടെ പദ്ധതി ബ്രെയിൻ ചിപ്പിന്റെ പ്രാരംഭഫലം വിജയകരം. തന്റെ ന്യൂറാലിങ്ക് സ്റ്റാർട് അപ്പിലൂടെ ആദ്യമായി ഒരു മനുഷ്യനിൽ ബ്രെയിൻ ചിപ്പ് ഘടിപ്പിച്ചതായി ഇലോൺ മസ്‌ക് അറിയിച്ചു. ബ്രെയിൻ ചിപ്പ് ഘടിപ്പിച്ചയാൾ സുഖം പ്രാപിച്ചുവരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യ മാദ്ധ്യമമായ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മസ്തിഷ്‌കവും കമ്പ്യൂട്ടറും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ആദ്യമായി മനുഷ്യനിൽ ന്യൂറോലിങ്കിൽ നിന്നും ഇംപ്ലാന്റ് നടത്തിയത്. തലച്ചോറിൽ നിന്നുള്ള തരംഗങ്ങൾ പ്രാരംഭ റിസൾട്ടായി ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2016 ലാണ് ഇലോൺ മസ്‌ക് ന്യൂറോടെക്‌നോളജി കമ്പനി സ്ഥാപിച്ചത്. മനുഷ്യന്റെ കഴിവുകൾക്ക് സൂപ്പർചാർജ് നൽകുക, എഎൽസ്, പാർക്കിൻസൺസ് പോലുള്ള ന്യൂറോളജിക്കൽ രോഗങ്ങൾ ചികിത്സിക്കുക തുടങ്ങിയവയാണ് ബ്രെയിൻ ചിപ്പ് വഴി മസ്‌ക് പദ്ധതിയിടുന്നത്. ഭാവിയിൽ മനുഷ്യരും ആർട്ടിഫിഷ്യൽ ഇന്റലിജൻസും തമ്മിൽ സഹജീവി ബന്ധം സ്ഥാപിക്കാനും ഇത് സഹായിച്ചേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ വർഷമാണ് മനുഷ്യരിൽ ഇംപ്ലാന്റ്സ് നടത്താനുള്ള അംഗീകാരം ന്യൂറാലിങ്കിന് ലഭിച്ചത്. അമേരിക്കൻ റെഗുലേറ്റേർസാണ് ഇതിന് അംഗീകാരം നൽകിയത്. ലിങ്ക് എന്ന് വിളിക്കപ്പെടുന്ന ഇംപ്ലാന്റിലൂടെയാണ് ന്യൂറാലിങ്കിന്റെ സാങ്കേതിക വിദ്യ പ്രധാനമായും പ്രവർത്തിക്കുന്നത്. മനുഷ്യ മസ്തിഷ്‌കത്തിൽ സ്ഥാപിക്കുന്ന അടുക്കിവെച്ച അഞ്ച് നാണയങ്ങളുടെ വലുപ്പമുള്ള ഉപകരണമാണിത്.

എന്നാൽ, ന്യൂറാലിങ്കിന്റെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് നിരവധി ആശങ്കകളും ഉയരുന്നുണ്ട്. അപകടകരമായ വസ്തുക്കളുടെ കടത്തലുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ അമേരിക്കയിലെ ഡിപ്പാർട്മെന്റ് ഓഫ് ട്രാൻസ്പോർട്ടേഷൻ റെഗുലേഷൻസ് പിഴ ചുമത്തിയെന്നുള്ള വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു.