അമേരിക്കയിൽ വിവേകിന്റെ ഘാതകനായത് ആഹാരവും വസ്ത്രവും നൽകി അഭയമേകിയ ആൾ തന്നെ, മകന്റെ വരവിനായി കാത്തിരുന്ന് മാതാപിതാക്കൾ
അമേരിക്കയിൽ ഇന്ത്യൻ വിദ്യാര്‍ത്ഥി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹരിയാന സ്വദേശിയായ വിവേക് സെയ്നി (25) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇന്ത്യയിലേക്കു മടങ്ങാനിരിക്കെ ആയിരുന്നു വിവേക് കൊല്ലപ്പെട്ടത് എന്നാണ് പുതിയ റിപ്പോർട്ട്. ജനുവരി 26ന് നാട്ടിലേക്കു മടങ്ങാനിരിക്കെയാണു വിവേക് യുഎസ് സംസ്ഥാനമായ ജോർജിയയിൽ കൊല്ലപ്പെട്ടത്. ഹരിയാനയിലെ പഞ്ച്‌കുളയിൽ ഭഗവൻപുർ സ്വദേശിയാണ്. മകൻ മടങ്ങിയെത്തുന്നതു കാത്തിരുന്ന ഗുർജീത് സിങ് – ലളിത സെയ്നി ദമ്പതികൾ വിയോഗവാർത്ത കേട്ടതിന്റെ ദുഃഖത്തിൽനിന്നു മോചിതരായിട്ടില്ല.
ഭവനരഹിതനായ ജൂലിയൻ ഫോക്നെറാണു വിവേകിനെ ചുറ്റിക കൊണ്ടു പലതവണ തലയ്ക്കടിച്ചു കൊന്നതെന്നു പൊലീസ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തു. ജനുവരി 16ന് നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ ഇപ്പോഴാണു പുറത്തുവന്നത്. ജോർജിയയിലെ ഒരു കടയിൽ വിവേക് പാർട് ടൈം ക്ലർക്കായി ജോലി ചെയ്തിരുന്നു. പ്രദേശത്ത് അലഞ്ഞു നടന്നിരുന്ന ജൂലിയൻ ഫോക്നറിന് ഈ സ്റ്റോറിൽ നിന്നു വെള്ളം അടക്കമുള്ള സാധനങ്ങൾ വിവേകിന്റെ നേതൃത്വത്തിൽ നൽകിയിരുന്നതായി ജീവനക്കാർ പറയുന്നു.
പുതപ്പ് ചോദിച്ചപ്പോൾ ഇല്ലാത്തതിനാൽ ജാക്കറ്റ് നൽകി. സിഗരറ്റും വെള്ളവും ഇടയ്ക്കിടെ ചോദിച്ചുവാങ്ങി. പുറത്തു നല്ല തണുപ്പായതിനാൽ പുറത്തുപോകാൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും ജീവനക്കാർ പറഞ്ഞു. കുറെ ദിവസമായി ജൂലിയൻ ഇവിടെത്തന്നെ കൂടിയപ്പോൾ ഇനി സൗജന്യമായി ഭക്ഷണം നൽകാനാകില്ലെന്നും സ്റ്റോറിൽ നിന്നു പോകണമെന്നും ജനുവരി 16ന് വിവേക് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പൊലീസിനെ അറിയിക്കുമെന്നും പറഞ്ഞു. ഇതു ജൂലിയന് ഇഷ്ടപ്പെട്ടില്ല.
ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകാനൊരുങ്ങിയ വിവേകിനെ ചുറ്റിക കൊണ്ടു ജൂലിയൻ ആക്രമിച്ചു. ചുറ്റിക ഉപയോഗിച്ച് അൻപതോളം തവണ തുടർച്ചയായി തലയിലും മുഖത്തും അടിച്ചെന്ന് പൊലീസ് പറഞ്ഞു. ക്രൂര മർദനത്തെ തുടർന്നു സംഭവസ്ഥലത്തുതന്നെ വിവേക് മരിച്ചു. കൊലപാതക ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് ജൂലിയനെ അറസ്റ്റ് ചെയ്തു. ഇയാളിൽനിന്നു രണ്ടു കത്തികളും മറ്റൊരു ചുറ്റികയും പിടിച്ചെടുത്തു. ബിടെക് പൂർത്തിയാക്കി രണ്ടു വർഷം മുൻപാണ് വിവേക് യുഎസിൽ എത്തിയത്. അടുത്തിടെ എംബിഎ ബിരുദം നേടിയിരുന്നു.