‘വേണ്ടിവന്നാൽ ആക്രമിക്കാൻ മടിക്കില്ല’ ഇന്ത്യൻ പ്രദേശത്തു കയറിയ ചൈനീസ് പട്ടാളത്തെ ഓടിച്ച് ലഡാക്കിലെ ആട്ടിടയന്മാർ


ന്യൂഡൽഹി: ഇന്ത്യൻ ഭൂപ്രദേശത്ത് കടന്നുകയറിയ ചൈനീസ് സൈനികരുമായി വാ​ഗ്വാദത്തിലേർപ്പെട്ട് ഇന്ത്യക്കാരായ ആട്ടിടയന്മാർ. കിഴക്കൻ ലഡാക്ക് അതിർത്തിയിൽ പാംഗോങ് തടാകത്തിന്റെ വടക്കുള്ള അതിർത്തി മേഖലയിലാണു സംഭവം.

‘ഇത് ഇന്ത്യയുടെ സ്ഥലമാണ്’ എന്നുപറഞ്ഞാണ് ആട്ടിടയന്മാർ ചൈനീസ് സൈനികരോട് തർക്കിക്കുന്നത്. തർക്കത്തിനിടെ ചൈനീസ് സൈനികരെ ആക്രമിക്കാൻ ആട്ടിടയന്മാർ കല്ലുകൾ എടുക്കുന്നുമുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

2020 ൽ ഇന്ത്യൻ ഭാഗത്തേക്കു ചൈനീസ് സേന അതിക്രമിച്ചു കയറിയതു മുതൽ ഈ പ്രദേശത്ത് ആടുകളെ മേയ്ക്കുന്നതിനു വിലക്കുണ്ട്. ഇതു വകവയ്ക്കാതെ എത്തിയവരണ് ഇവർ. മാതൃഭൂമി സംരക്ഷിക്കാൻ ആട്ടിടയന്മാർ രംഗത്തിറങ്ങുന്ന കാഴ്ച ആവേശകരമാണെന്നും ഇന്ത്യൻ സേന പകർന്ന ധൈര്യമാണ് അതിനു വഴിയൊരുക്കിയതെന്നും അതിർത്തി പ്രദേശമായ ചുഷൂൽ കൗൺസിലർ കൊഞ്ചൊക് സ്റ്റാൻസിൻ പറഞ്ഞു.