ഇന്ത്യ സഹായം വെട്ടിക്കുറച്ചതിന് പിന്നാലെ മാലിദ്വീപിന് സഹായ വാഗ്ദാനം നല്‍കി പാകിസ്ഥാന്‍


ഇസ്ലാമാബാദ്: ഇന്ത്യ നല്‍കുന്ന സഹായം വെട്ടിക്കുറച്ചതിന് പിന്നാലെ മാലിദ്വീപിന് സഹായ വാഗ്ദാനം നല്‍കി പാകിസ്ഥാന്‍. മുടങ്ങാന്‍ സാദ്ധ്യതയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കടക്കം പാകിസ്ഥാന്‍ മാലിദ്വീപിന് സഹായം വാഗ്ദാനം ചെയ്തു. പാക് കാവല്‍ പ്രധാനമന്ത്രി അന്‍വര്‍ ഉള്‍ ഹഖ് കക്കര്‍ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ ഫോണില്‍ വിളിച്ചാണ് വാഗ്ദാനം നല്‍കിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കാന്‍ തീരുമാനമെടുത്തതായി മുഹമ്മദ് മുര്‍സു പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. അന്താരാഷ്ട്രതലത്തിലുള്ള വിഷയങ്ങളെ അഭിമുഖീകരിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനും ധാരണയായതായി മുയിസു അറിയിച്ചു.

അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സാഹചര്യത്തിലാണ് സഹായിക്കാമെന്ന വാഗ്ദാനവുമായി പാകിസ്ഥാന്‍ രംഗത്ത് എത്തിയിരിക്കുന്നത്.