തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ വൻ സാമ്പത്തിക പ്രതിസന്ധി! ദേശീയ എയർലൈൻ വിറ്റ് താൽക്കാലിക പരിഹാരം കാണാനൊരുങ്ങി പാകിസ്താൻ


സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെ ദേശീയ എയർലൈൻ വിൽക്കാനൊരുങ്ങി പാകിസ്താൻ. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് പാകിസ്താന്റെ ഖജനാവ് മുഴുവനും കാലിയായിരിക്കുന്നത്. ഇതോടെ, താൽക്കാല പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ എയർലൈൻ വിൽക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. എയർലൈനിന്റെ സ്വകാര്യവൽക്കരണം 98 ശതമാനത്തോളം പൂർത്തിയായതായി അധികൃതർ അറിയിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഐഎംഎഫിൽ നിന്ന് പാകിസ്താൻ അടുത്തിടെ 700 മില്യൺ ഡോളർ വായ്പ എടുത്തിരുന്നു. നഷ്ടത്തിലായ കമ്പനികളെ നവീകരിക്കുക എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഐഎംഎഫിൽ നിന്നും വായ്പയെടുത്തത്. ഇതിന്റെ ഭാഗമായി കൂടിയാണ് ദേശീയ എയർലൈൻ വിൽക്കാനുള്ള തീരുമാനം. ഐഎംഎഫുമായി കരാറിൽ ഒപ്പുവെച്ച് ആഴ്ചകൾക്ക് ശേഷമാണ് പാകിസ്താൻ ദേശീയ എയർലൈനിനെ സ്വകാര്യവൽക്കരിക്കുന്നത്. ഫെബ്രുവരി എട്ടിനാണ് പാകിസ്താനിലെ പൊതുതിരഞ്ഞെടുപ്പ്. എയർലൈനിന്റെ സ്വകാര്യവൽക്കരണത്തിലൂടെ ലഭിക്കുന്ന തുക സർക്കാർ പ്രധാനമായും വിവിധ പണമിടപാടുകൾക്കായി വിനിയോഗിക്കാനാണ് സാധ്യത.