ജനവാസ മേഖലയിൽ ആളിപ്പടർന്ന് കാട്ടുതീ: ചിലിയിൽ 46 പേർ വെന്തുമരിച്ചു


ചിലിയിൽ ജനവാസ മേഖലയിൽ ആളിപ്പടർന്ന് കാട്ടുതീ. ചിലിയിലെ വിന ഡെൽമാറിലെ ജനവാസ മേഖലയിലാണ് കാട്ടുതീ പടർന്നത്. തീയിൽ അകപ്പെട്ട് 46 പേർ വെന്തുമരിച്ചു. 200ലധികം പേരെ പ്രദേശത്ത് നിന്നും കാണാതായിട്ടുണ്ട്. കൂടാതെ, 1100 പേരുടെ വീടുകൾ കത്തിനശിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 43,000 ഹെക്ടറിലധികം സ്ഥലത്ത് തീ പടർന്നിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.

ഉയർന്ന താപനിലയും, ശക്തമായ കാറ്റുമാണ് തീ പടരാൻ കാരണമെന്നാണ് പ്രാഥമിക വിവരം. ഇത് രക്ഷാപ്രവർത്തനത്തിന് വലിയ രീതിയിൽ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. നിലവിൽ, നാല് സ്ഥലങ്ങളിലാണ് കാട്ടുതീ വ്യാപിച്ചിരിക്കുന്നത്. പ്രദേശത്തെ സ്ഥിതിഗതികൾ മോശമായതിനാൽ വീടുകളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ സാധിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തകരുമായി സഹകരിക്കണമെന്ന് ചിലിയൻ ജനതയോട് പ്രസിഡന്റ് ഗബ്രിയേൽ ബോറിക് അഭ്യർത്ഥിച്ചിട്ടുണ്ട്.