യുഎസിലെ മലയാളി കുടുംബത്തിന്റെ കൊലപാതകം പൊലീസ് അറിഞ്ഞത് കുട്ടികളുടെ മുത്തശിയുടെ ഫോണ്‍ കോള്‍ വഴി



കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മലയാളി കുടുംബം കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളുമായി പൊലീസ്. ഗൂഗിള്‍, മെറ്റ അടക്കമുള്ള ടെക് ഭീമന്മാരിലെ ജോലിക്ക് ശേഷം സ്വന്തമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനം ആരംഭിച്ച ടെക്കി യുവാവും കുടുംബത്തേയുമാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോജിറ്റ്‌സ് എന്ന സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനവുമായി ആനന്ദ് മുന്നോട്ട് പോയപ്പോള്‍ സില്ലോ എന്ന ടെക് സ്ഥാപനത്തിലെ ഡാറ്റ സയന്‍സ് മാനേജര്‍ ജോലിയായിരുന്നു ആലീസ് ചെയ്തിരുന്നത്.

Read Also: എക്സൈസ് ഉൽപ്പന്നങ്ങളുടെ തീരുവ കൂട്ടി, ഇനി ബിയറിന് ഉൾപ്പെടെ വില ഉയരും: ബജറ്റിൽ നിർണായക പ്രഖ്യാപനവുമായി ഈ സംസ്ഥാനം

കാലിഫോര്‍ണിയയിലെ 17 കോടിയോളം വിലവരുന്ന ആഡംബര വസതിയില്‍ തിങ്കളാഴ്ചയാണ് കുടുംബാംഗങ്ങളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആനന്ദ് സുജിത് ഹെന്റി (42) ഭാര്യ ആലീസ് പ്രിയങ്ക (40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍ (4) എന്നിവരാണ് മരിച്ചത്. നേരത്തെ 2016ല്‍ വിവാഹമോചന ഹര്‍ജി ദമ്പതികള്‍ ഫയല്‍ ചെയ്തിരുന്നുവെങ്കിലും ബന്ധം വേര്‍പിരിഞ്ഞിരുന്നില്ല. ഇതിന് ശേഷമാണ് ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറക്കുന്നത്. 2020ഓടെയാണ് ദമ്പതികള്‍ കാലിഫോര്‍ണിയയിലെ വസതിയില്‍ താമസം ആരംഭിക്കുന്നതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആനന്ദ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കുട്ടികളെ മരുന്ന് ഓവര്‍ ഡോസ് നല്‍കിയോ, തലയിണയോ മറ്റോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചോ, കഴുത്ത് ഞെരിച്ചോ ആണ് കൊന്നിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. കുട്ടികളുടെ ശരീരത്തില്‍ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ലെന്നും പൊലീസ് വിശദമാക്കുന്നു. അഞ്ച് കിടപ്പുമുറികളുള്ള വസതിയിലെ കിടപ്പുമുറികളിലൊന്നില്‍ നിന്നാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. 9എംഎം പിസ്റ്റള്‍ ഉപയോഗിച്ചാണ് ആനന്ദ് ആലീസിന് നേരെ നിരവധി തവണ നിറയൊഴിച്ചത്. ലോഡ് ചെയ്ത നിലയിലുള്ള തോക്കും ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയ കുളിമുറിയില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഏഴ് വര്‍ഷത്തോളമാണ് ആനന്ദ് ഗൂഗിളില്‍ ജോലി ചെയ്തത്. 2022 ഫെബ്രുവരിയിലാണ് ആനന്ദ് മെറ്റയില്‍ ജോലി ചെയ്യുന്നത്. 2023 ജൂണിലാണ് ആനന്ദ് തന്റെ ആര്‍ട്ടിഫീഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ട് അപ്പ് ആരംഭിക്കുന്നത്. കുട്ടികളുടെ മുത്തശ്ശി കുടുംബവുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ക്ഷേമാന്വേഷണം നടത്താന്‍ വീട്ടിലെത്തിയ പൊലീസാണ് കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.