പ്രധാനമന്ത്രിയുടെ ഇടപെടൽ ഖത്തറിലെ അംബാസഡർ പോലും അറിഞ്ഞില്ല, വധശിക്ഷയിൽ നിന്ന് തിരിച്ചെത്തിയ മലയാളി നാവികൻ രാഗേഷ്



പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതുകൊണ്ടാണ് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട് ജീവനോടെ നാട്ടില്‍ തിരിച്ചെത്തിയതെന്ന് ഖത്തറില്‍ ‘രാജ്യദ്രോഹക്കുറ്റ’ത്തിനു തടവിലായിരുന്ന രാഗേഷ് ഗോപകുമാര്‍. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ പോലും 20 മിനിറ്റ് മുമ്പാണ് തങ്ങളെ മോചിപ്പിക്കുന്ന വിവരം അറിയുന്നത്.

നാട്ടിലെത്തുന്നതുവരെ മോചിപ്പിച്ച വിവരം ബന്ധുക്കളെ പോലും അറിയിക്കരുതെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു. മോദി ഖത്തര്‍ അമീറിനോട് നേരിട്ട് സംസാരിച്ചാണ് തൂക്കുകയര്‍ ഊരിയതെന്നും രാഗേഷ് പറഞ്ഞു. പ്രധാനമന്ത്രി ഉള്ളതുകൊണ്ട് മാത്രമാണ്, ഇന്നിവിടെ സന്തോഷമായി സുരക്ഷിതമായി ഇരിക്കുന്നത്.

എന്നെക്കാൾ സഹിച്ചത് വീട്ടുകാരാണ്. ഭാര്യയും മകളുമാണ് കൂടുതൽ സഹിച്ചത്. എനിക്കുവേണ്ടി ഭാര്യ ഒരുപാട് ഓടിനടന്നിട്ടുണ്ടായിരുന്നെന്നും രാഗേഷ് ഗോപകുമാര്‍ പറഞ്ഞു. അതേസമയം, നരേന്ദ്രമോദി ദൈവതുല്യനാണെന്ന് അദ്ദേഹത്തിന്റെ അമ്മ പറഞ്ഞു. ഒരുപാട് വേദനിച്ചിട്ടാണ് ഒടുവിൽ സന്തോഷവാർത്ത എത്തിയതെന്ന് അവർ കണ്ണീരോടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.