തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം! ഡീപ് ഫേക്ക് ഭീതിയിൽ ആടിയുലഞ്ഞ് ഈ ഏഷ്യൻ രാജ്യം, അധികൃതർ കനത്ത ജാഗ്രതയിൽ


പൊതുതിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഡീപ് ഫേക്ക് സാങ്കേതികവിദ്യയിൽ ആടിയുലഞ്ഞിരിക്കുകയാണ് പ്രമുഖ ഏഷ്യൻ രാജ്യമായ ദക്ഷിണ കൊറിയ. ഡീപ് ഫേക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ വീഡിയോകളും ചിത്രങ്ങളുമാണ് ഓൺലൈൻ വഴി പ്രചരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ദക്ഷിണ കൊറിയയിൽ ഇതുവരെ 129 എഐ നിർമ്മിത ഉള്ളടക്കങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ, കനത്ത ജാഗ്രതയിലാണ് അധികൃതർ. പുതുതായി പരിഷ്കരിച്ച തിരഞ്ഞെടുപ്പ് നിയമത്തിന്റെ ലംഘനം കൂടിയാണിത്. ഏറ്റവും പുതിയ നിയമപ്രകാരം, തിരഞ്ഞെടുപ്പ് പ്രചരണ ആവശ്യങ്ങൾക്കായി ഡീപ് ഫേക്ക് ഉപയോഗിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡീപ് ഫേക്ക് ഉപയോഗിക്കുകയാണെങ്കിൽ 7 വർഷം വരെ തടവും 6.21 ലക്ഷം രൂപ പിഴയും ഒടുക്കേണ്ടി വരും. 2023 ഡിസംബറിലാണ് പരിഷ്കരിച്ച നിയമം ദക്ഷിണ കൊറിയൻ അസംബ്ലി പാസാക്കിയത്. വൻ തോതിൽ വ്യാജ ഉള്ളടക്കങ്ങൾ പ്രചരിക്കുന്നതിനും, വ്യാജവാർത്തകൾ സൃഷ്ടിക്കുന്നതിനും എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പിൽ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. യുഎസ്, ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുന്നതാണ്. ഈ സാഹചര്യത്തിൽ എഐ സാങ്കേതിക വിദ്യയെ നിയന്ത്രിക്കാൻ പാകത്തിനുള്ള സംവിധാനങ്ങൾ നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.