ഇന്ത്യ കൈവിട്ടതോടെ ചൈനയുടെ ചതി, വായ്പ തിരിച്ചടയ്ക്കണമെന്ന് ചൈന, മാലിദ്വീപിനെ കടക്കെണിയുടെ നടുക്കടലിലാക്കി മുയ്സു
മാലി: മാലിദ്വീപ് വൻ സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ഇന്ത്യയുമായുള്ള സഹകരണം അവസാനിപ്പിച്ചതോടെ ദ്വീപ് രാഷ്ട്രത്തിന്റെ പ്രധാന വരുമാനമായ ടൂറിസം രംഗത്ത് വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഉറ്റ ചങ്ങാതിയായ ചൈന വായ്പ തിരിച്ചടവ് എന്ന ആവശ്യം ഉയർത്തി രംഗത്തെത്തിയത്. 300 കോടി ഡോളറാണ് മാലിദ്വീപ് ചൈനക്ക് തിരിച്ചടയ്ക്കേണ്ടത്. ഇത് നൽകാൻ കഴിയാതെ വന്നാൽ ചൈന എന്താകും ഈടായി ആവശ്യപ്പെടുക എന്ന ചോദ്യവും മുയ്സു സർക്കാരിനെ അലട്ടുന്നുണ്ട്.
ചൈനയിൽ നിന്നും പണം കടം വാങ്ങുന്നത് നല്ലതിനല്ലെന്ന് പണ്ടേ ലോകബാങ്ക് മാലിദ്വീപിനെ താക്കീത് ചെയ്തിരുന്നു. വായ്പ തിരിച്ചടച്ചില്ലെങ്കിൽ മാലിദ്വീപിലെ എന്തെങ്കിലുമൊക്കെ ചൈനയ്‌ക്ക് തീറെഴുതിക്കൊടുക്കേണ്ടിവരുമെന്ന സ്ഥിതിവിശേഷമാണിപ്പോൾ. നേരത്തെ ചൈനയിൽ നിന്നും കടം വാങ്ങിയ ശ്രീലങ്കയ്‌ക്ക് ഒടുവിൽ ഹംബൻടോട്ട എന്ന തുറമുഖം തന്നെ ചൈനയ്‌ക്ക് തീറെഴുതികൊടുക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിൽ കടക്കെണിയിൽ നിന്നും കരകയറാൻ ഇന്ത്യ സഹായിക്കണമെന്ന് കരഞ്ഞ് ആവശ്യമുന്നയിക്കുകയാണ് ഇന്ത്യാവിരുദ്ധനേതാവ് ഹസ്സൻ കുറുസ്സി. ഇതോടെ മാലിദ്വീപിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമായി.
ചൈനയെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയുടെ നാവികരെ മാറ്റിയതുൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് ഇന്ത്യാ വിരുദ്ധനായ മാലിദ്ലീപ് പ്രസിഡൻറ് മുയ്സു നീങ്ങിയത്. ഇന്ത്യയാകട്ടെ മാലിദ്വീപിനോടുള്ള നിലപാട് കടുപ്പിച്ചതോടെ ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകൾ മാലിദ്വീപ് സന്ദർശിക്കുന്നതിന് വിമുഖത കാട്ടുകയാണ്. ഇതോടെ ടൂറിസത്തിൽ നിന്നുള്ള വരുമാനം കുത്തനെ ഇടിഞ്ഞു. ഇതും മാലിദ്വീപിന്റെ വരുമാനത്തെ വലിയ തോതിൽ ബാധിക്കുകയാണ്.