ക്ലാസ് മുറികളിലിരുന്ന് അമിത മൊബൈൽ ഫോൺ ഉപയോഗം: ഒടുവിൽ നടപടി കടുപ്പിച്ച് ബ്രിട്ടൺ ഭരണകൂടം


ലണ്ടൻ: സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ അമിത സ്മാർട്ട്ഫോൺ ഉപയോഗം വർദ്ധിച്ചതോടെ നടപടി കടുപ്പിച്ച് ബ്രിട്ടൺ ഭരണകൂടം. കുട്ടികളിലെ സ്മാർട്ട്ഫോൺ ഉപയോഗം കുറയ്ക്കുന്നതിനായി പുതിയ മാർഗ്ഗനിർദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾ ക്ലാസ് മുറികളിലിരുന്ന് അമിതമായി മൊബൈൽ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇത് കുറയ്ക്കാനായി സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും  പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കി.

ക്ലാസ് മുറികളിലെ വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗം അവരെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നിന്നും വ്യതിചലിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചില സ്കൂളുകൾ ഇതിനോടകം തന്നെ മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. യുകെയിലെ കണക്കുകൾ പ്രകാരം, 12 വയസിന് മുകളിൽ പ്രായമുള്ള 97 ശതമാനം വിദ്യാർത്ഥികൾക്കും മൊബൈൽ ഫോൺ ഉണ്ട്. ഈ പ്രായത്തിൽ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം അനിവാര്യമാണ്. എന്നാൽ, പഠനത്തിൽ നിന്നും ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിലുള്ള മൊബൈൽ ഫോൺ ഉപയോഗം ആവശ്യമില്ലെന്ന് ബ്രിട്ടൺ ഭരണകൂടം വ്യക്തമാക്കി. ലോകത്തെമ്പാടുമുള്ള ആളുകൾ ഇന്ന് ഡിജിറ്റൽ ലോകത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. എന്നാൽ, ഇത് ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്ന് ഋഷി സുനക് വ്യക്തമാക്കി.