പനിയ്ക്കും തലവേദനയ്ക്കും പല്ലുവേദനയ്ക്കും ഡോക്ടറെ പോലും കാണും മുമ്പ് പാരസെറ്റാമോൾ വാങ്ങി കഴിക്കുന്നവരാണ് ആളുകളിൽ ഭൂരിഭാഗവും. എന്നാൽ, അമിതമായി പാരസെറ്റാമോൾ കഴിക്കുന്നവരിൽ അമിത രക്ത സമ്മർദം ഉൾപ്പടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അധികമായാല്‍ അമൃതും വിഷം എന്നു പറയുന്നതുപോലെ അമിതമായി നമ്മുടെ ശരീത്തില്‍ എന്ത് എത്തിയാലും അത് നമ്മുടെ ആരോഗ്യത്തെ തകര്‍ത്തുകളയും. തുടര്‍ച്ചയായി പാരസെറ്റാമോള്‍ കഴിക്കുന്നവരില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പാരസെറ്റാമോള്‍ ഒരു വേദന സംഹാരിയാണ്. അത് സ്ഥിരമായി കഴിച്ചാൽ ഗുണത്തേക്കാൾ ഉപരി ദോഷമാണ് വരുത്തുക. യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബര്‍ഗിലെ ഗവേഷകര്‍ എലികളില്‍ പാരസെറ്റാമോള്‍ ഉണ്ടാക്കുന്ന പരിണിതഫലങ്ങള്‍ നിരീക്ഷിക്കുകയും അത് കരളിന് കേടുപാടുകള്‍ സംഭവിക്കാന്‍ കാരണമാകുമെന്ന നിഗമനത്തില്‍ എത്തിച്ചേർന്നിട്ടുണ്ട്. സയന്റിഫിക് റിപ്പോര്‍ട്ട് എന്ന ജേണലിലാണ് അവരുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചില സാഹചര്യങ്ങളില്‍ കരളിന് സമീപമുള്ള അവയവങ്ങളുടെ കോശങ്ങളെ ബാധിക്കുന്നതിലൂടെ പാരസെറ്റാമോള്‍ കരളിനെ നശിപ്പിക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സമീപ കോശങ്ങള്‍ നശിപ്പിക്കപ്പെടുന്നതിലൂടെ കരളിന്റെ കോശങ്ങളുടെ ഘടനയ്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരികയും നശിക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കടുത്ത വേദന അനുഭവിക്കുന്ന രോഗിക്ക് ഒരു ദിവസം നാല് ഗ്രാം പാരസെറ്റാമോള്‍ ആണ് അനുവദനീയമായ ഡോസ്. പാരസെറ്റാമോള്‍ മൂലം കരള്‍ നശിപ്പിക്കപ്പെടുന്നത് കാന്‍സര്‍, സിറോസിസ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുമെന്ന് വ്യക്തമാക്കിയ ആദ്യ പഠനമാണിത്.