മയക്കുമരുന്ന് മാഫിയക്കെതിരെ ശബ്ദമുയര്‍ത്തിയ വൈദികനെ കുര്‍ബാനയ്ക്കിടയില്‍ അപായപ്പെടുത്താന്‍ ശ്രമം



റോം: മാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച വൈദികനെ കുര്‍ബാനയ്ക്കിടയില്‍ അപായപ്പെടുത്താന്‍ ശ്രമം. തെക്കന്‍ ഇറ്റലിയിലെ സെസ്സാനിറ്റിയിലാണ് സംഭവം. പ്രാര്‍ത്ഥനകള്‍ക്കുപയോഗിക്കുന്ന വൈനില്‍ ബ്ലീച്ച് കലര്‍ത്തിയാണ് അപായപ്പെടുത്താനുള്ള ശ്രമം നടന്നത്. ഫെലിസ് പലമാര എന്ന വൈദികനെ അപായപ്പെടുത്താനാണ് ശ്രമം നടന്നത്. കുര്‍ബാന പുരോഗമിക്കുന്നതിനിടെയാണ് ആരാധനയ്ക്ക് ഉപയോഗിക്കുന്ന വൈനില്‍ നിന്ന് രൂക്ഷമായ ഗന്ധം വരുന്നത് വൈദികന്റെ ശ്രദ്ധയില്‍ പെടുന്നതെന്നാണ് ദി ടെലിഗ്രാഫ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read Also: അന്താരാഷ്ട്ര വനിതാ ദിനം: സമത്വം ഇതുവരെ !

കലാബ്രിയ മേഖലയിലുള്ള ഈ പ്രദേശത്ത് മാഫിയ സംഘങ്ങള്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ നിരന്തര വിമര്‍ശകനായിരുന്നു ഈ വൈദികന്‍. വൈനില്‍ നിന്ന് രൂക്ഷ ഗന്ധം വന്നതോടെ കുര്‍ബാന നിര്‍ത്തിയ വൈദികന്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വൈന്‍ വച്ചിരുന്ന ഫ്‌ളാസ്‌കുകളില്‍ നടത്തിയ പരിശോധനയില്‍ ഇവയില്‍ ബ്ലീച്ചിന്റെ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ആസ്ത്മയും ഹൃദ്രോഗവും അലട്ടുന്ന പുരോഹിതന്‍ ബ്ലീച്ചിംഗ് പൗഡര്‍ അടങ്ങിയ വൈന്‍ കുടിച്ചിരുന്നെങ്കില്‍ അപകടമുണ്ടായേനെയെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നത്.

മയക്കുമരുന്ന് വ്യാപരത്തിന് കുപ്രസിദ്ധമായ ദ്രാഗ്‌ഹേറ്റ മാഫിയയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച പുരോഹിതനെ അപായപ്പെടുത്താനുള്ള ശ്രമം ഇത് ആദ്യമായല്ല. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് പുരോഹിതന്റെ കാര്‍ അജ്ഞാതര്‍ കേടുവരുത്തിയിരുന്നു. ഇതിന് പുറമേ നിരവധി ഭീഷണി കത്തുകളും പുരോഹിതന് ലഭിച്ചിരുന്നു. മേഖലയിലെ വിവിധ ദേവാലയങ്ങളിലെ വൈദികര്‍ക്കെതിരെയും മാഫിയ സംഘങ്ങളുടെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. സംഭവത്തില്‍ കേസ് എടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് വൈനില്‍ ബ്ലീച്ച് കലര്‍ത്തിയ ആളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.