ധാക്ക: ബംഗ്ലാദേശിൽ ഏഴ് നില കെട്ടിടത്തിൽ വൻ തീപിടിത്തം. കെട്ടിടത്തിൽ ഉണ്ടായിരുന്ന 43 പേർ വെന്തുമരിച്ചു. 22 പേർക്കാണ് പരിക്കേറ്റത്. ഇവരിൽ ഭൂരിഭാഗം ആളുകളുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അതിനാൽ, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ബംഗ്ലാദേശ് ആരോഗ്യ മന്ത്രി ഡോ. സാമന്ത ലാൽ സെൻ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് ധാക്കയിലെ റെസ്റ്റോറന്റ് കെട്ടിടത്തിലേക്ക് തീ ആളിപ്പടർന്നത്.
ഏഴ് നില കെട്ടിടത്തിന്റെ ആദ്യത്തെ നിലയിലാണ് അഗ്നിബാധ ഉണ്ടായത്. പിന്നീട് നിമിഷങ്ങൾക്കകം മറ്റ് ഭാഗങ്ങളിലേക്ക് കൂടി തീ വ്യാപിക്കുകയായിരുന്നു. കെട്ടിടത്തിൽ വേറെയും റെസ്റ്റോറന്റുകൾ ഉണ്ടായിരുന്നു. ഇവിടെക്കെല്ലാം തീ പടർന്നു. 42 പേരെ ബോധരഹിതരായാണ് വിവിധ ആശുപത്രികളിൽ എത്തിച്ചത്. 33 പേരുടെ മരണം തൽക്ഷണം സ്ഥിരീകരിക്കുകയായിരുന്നു. ഇവരിൽ പലരുടെയും മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.