കാനഡ: പോൺഹബ് ഉടമ കനേഡിയൻ സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തൽ. യുവതിയുടെ നഗ്ന ചിത്രം അനുവാമില്ലാതെ പ്രദർശിപ്പിച്ചാണ് പോൺഹബ് ഉടമ സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചത്. മോൺട്രിയലിൽ സ്ഥിതി ചെയ്യുന്ന അയ്ലോ ഹോൾഡിംഗ്സാണ് നിയമ ലംഘനം നടത്തിയത്. സ്വകാര്യതാ കമ്മീഷണർ ഫിലിപ്പ് ഡുഫ്രെസ്നെയാണ് സ്ഥാപനത്തിനെതിരെ അന്വേഷണം നടത്തിയത്. തന്റെ മുൻ കാമുകൻ അനുമതിയില്ലാതെ തന്റെ സ്വകാര്യ ഫോട്ടോകളും വീഡിയോയും എയ്ലോ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഒരു സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വ്യക്തികളുടെ അറിവോടെയും സമ്മതതോടെയും മാത്രമേ സ്വകാര്യ ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യുകയുള്ളുവെന്ന് ഉറപ്പാക്കാൻ അയ്ലോ മുൻകരുതലുകൾ എടുക്കേണ്ടതുണ്ടെന്ന് ഫിലിപ്പ് ഡുഫ്രെസ് ചൂണ്ടിക്കാട്ടി. അനുമതിയില്ലാതെ പ്രസിദ്ധീകരിച്ച ചിത്രങ്ങളെല്ലാം വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്യണമെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം. കനേഡിയൻ സ്വകാര്യതാ നിയമങ്ങൾ അയ്ലോ പാലിക്കുന്നുണ്ടെന്ന് ഉറപ്പുനൽകാൻ താൻ നിരവധി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും എന്നാൽ അവയൊന്നും സ്ഥാപനം അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി പരാതിപ്പെടാൻ കാരണമായ ചിത്രങ്ങൾ നീക്കം ചെയ്യാൻ ശ്രമങ്ങൾ നടത്തിയെന്നായിരുന്നു കമ്പനി വ്യക്തമാക്കിയത്.