അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ക്യാൻസർ ഉൾപ്പെടെയുള്ള 32 ഗുരുതര രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന പഠനറിപ്പോർട്ട് പുറത്ത്. ബ്രിട്ടീഷ് മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാൻസർ, മാനസിക പ്രശ്‌നങ്ങൾ, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങൾ, ഹൃദയ സംബന്ധമായ രോഗങ്ങൾ തുടങ്ങി അകാലമരണത്തിന് വരെ ഈ ഭക്ഷണങ്ങൾ കാരണമാകാനിടയുണ്ടെന്നാണ് പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
യുപിഎഫ് ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന പഠനങ്ങൾ നേരത്തെ വന്നിരുന്നെങ്കിലും ഇതാദ്യമായാണ് കണക്കുകളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകൾ ഉണ്ടാകുന്നത്. ഓസ്ട്രേലിയ, യുഎസ്, ഫ്രാൻസ്, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരുടെ സംഘമാണ് പഠനം നടത്തിയത്.
ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട രോഗങ്ങളിൽ 50 ശതമാനവും, ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതകൾ 12 ശതമാനവും, ഉത്ക്കണ്ഠയടക്കമുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങൾ 48 മുതൽ 50 ശതമാനവും വർധിക്കുമെന്നും പഠനത്തിൽ പറയുന്നു. വിഷാദരോഗത്തിനുള്ള സാധ്യത 22 ശതമാനമാണ് ഈ ഭക്ഷണങ്ങൾ വർധിപ്പിക്കുന്നത്.
അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് സ്തനാർബുദം ക്രോണിക് ലിംഫോസൈറ്റിക് ലുക്കീമിയ, വൻകുടൽ കാൻസർ, പാൻക്രിയാറ്റിക് ക്യാൻസർ, പ്രോസ്റ്റേറ്റ് കാൻസർ തുടങ്ങിയ രോഗങ്ങളളുണ്ടാകുന്ന സാധ്യത വർദ്ധിപ്പിക്കുന്നു. ആസ്ത്മ, ദഹനപരമായ പ്രശ്നങ്ങൾ, അധികഭാരം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളും ഈ ഭക്ഷണങ്ങൾ കഴിച്ചാൽ ഉണ്ടാകാനിടയുണ്ട്.
അൾട്രാ-പ്രോസസ്ഡ് ഫുഡ് വ്യാവസായിക രീതികളിലൂടെ സൃഷ്ടിക്കപ്പെട്ട ഉൽപ്പന്നങ്ങളാണ്. അവയിൽ അഡിറ്റീവുകൾ, പ്രിസർവേറ്റീവുകൾ, കൃത്രിമ ചേരുവകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. മധുരമുള്ള ലഘുഭക്ഷണങ്ങൾ, പായ്ക്ക് ചെയ്ത ബേക്ക്ഡ് സാധനങ്ങൾ, ഫാസ്റ്റ് ഫുഡ്, മധുരമുള്ള പാനീയങ്ങൾ, റെഡി-ടു ഈറ്റ് ഭക്ഷണം തുടങ്ങിയവയെല്ലാം അൾട്രാ- പ്രോസസ്ഡ് ഫുഡിന് ഉദാഹരണമാണ്.