സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം, ഇസ്രയേലില്‍ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം


ന്യൂഡല്‍ഹി: ഇസ്രയേലില്‍ മലയാളി യുവാവ് മിസൈല്‍ ആക്രമണത്തില്‍ മരണപ്പെട്ടതിന് പിന്നാലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇസ്രയേലിലെ ഇന്ത്യന്‍ എംബസി. ഇസ്രയേലിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ടു. അതേസമയം നിലവില്‍ ഇസ്രയേലില്‍ ഉള്ളവര്‍ക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

നിലവിലുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചും പ്രാദേശിക സുരക്ഷാ നിര്‍ദേശങ്ങള്‍ കണക്കിലെടുത്തുമാണ് ഇന്ത്യക്കാര്‍ക്കായി എംബസി പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇസ്രയേലിലുള്ള എല്ലാ ഇന്ത്യക്കാരും, പ്രത്യേകിച്ച് തെക്ക്, വടക്ക് മേഖലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവരും, ആ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നവരും ഇസ്രയേലിലെ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നാണ് നിര്‍ദേശം. എല്ലാ ഇന്ത്യന്‍ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇസ്രയേലി അധികൃതരുമായി എംബസി ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും +972 35226748 എന്ന നമ്പറില്‍ 24 മണിക്കൂറും എംബസിയുമായി ബന്ധപ്പെടാം. ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ തങ്ങള്‍ക്ക് പരിചയമുള്ള മറ്റ് ഇന്ത്യന്‍ പൗരന്മാരിലേക്ക് ഈ വിവരം കൈമാറണമെന്നും എംബസി പറയുന്നു.

കൊല്ലം വാടി സ്വദേശി പാറ്റ് നിബിന്‍ മാക്സ് വെല്ലാണ് കഴിഞ്ഞ ദിവസം ഇസ്രയേലില്‍ വ്യോമാക്രമണത്തില്‍ മരിച്ചത്. ലെബനോനില്‍ നിന്ന് അയച്ച മിസൈല്‍ ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തിയായ മാര്‍ഗ ലിയോട്ടിന് സമീപം പതിക്കുകയായിരുന്നു. ഫാമില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ആക്രമണം.