റമദാൻ: യുഎഇയിൽ 2,224 തടവുകാർക്ക് മാപ്പ്; പരിഗണിച്ചത് നല്ല പെരുമാറ്റവും കുറ്റകൃത്യങ്ങളുടെ സ്വഭാവവും


അബുദബി: റമദാനിനോട് അനുബന്ധിച്ച് യുഎഇയിൽ തടവിൽ കഴിയുന്ന 2,224 പേർക്ക് മാപ്പ് നൽകി യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. നല്ല പെരുമാറ്റവും കുറ്റകൃത്യങ്ങളുടെ സ്വഭാവവും പരിഗണിച്ചാണ് മോചിപ്പിക്കപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് മോചിപ്പിക്കുന്നത്.

വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട തടവുകാര്‍ക്ക് ചുമത്തിയ എല്ലാ പിഴകളും ഷെയ്ഖ് മുഹമ്മദ് അടച്ചുതീര്‍ക്കുമെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.മാർച്ച് ഏഴിന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 735 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടിരുന്നു.മാർച്ച് എട്ടിന് അജ്മാനിൽ നിന്ന് 314 തടവുകാരെ മോചിപ്പിക്കാൻ എമിറേറ്റ് ഭരണാധികാരിയായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടിരുന്നു.

വിവിധ രാജ്യക്കാരായ 691 തടവുകാരെ മോചിപ്പിക്കാൻ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ഷാർജയിൽ നിന്ന് 484 തടവുകാരെ മോചിപ്പിക്കാനാണ് ഉത്തരവിട്ടത്.

സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഉത്തരവിട്ടത്. ‌368 തടവുകാരെ മോചിപ്പിക്കാൻ റാസൽഖൈമ ഗവർണർ ഉത്തരവിട്ടിരുന്നു.2023-ൽ 52-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇയിൽ 3,400 തടവുകാർക്ക് മാപ്പ് നൽകിയിരുന്നു.