സാൻസിബാർ: കടലാമയുടെ ഇറച്ചി കഴിച്ച് ഒൻപത് പേർക്ക് ദാരുണാന്ത്യം. 78 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മരണപ്പെട്ടവരിൽ എട്ടു പേർ കുട്ടികളാണ്. സാൻസിബാർ ദ്വീപസമൂഹത്തിലെ പെംബ ദ്വീപിലാണ് ഈ ദുരന്തം നടന്നത്. പ്രദേശവാസികൾ കടലാമയുടെ ഇറച്ചി ഭക്ഷിച്ചത് ചൊവ്വാഴ്ചയാണ്. തുടർന്ന് ഇവർക്ക് ആരോഗ്യ പ്രശ്നങ്ങൾ നേരിടാൻ തുടങ്ങി.
മരണപ്പെട്ടവരെല്ലാം കടലാമയുടെ ഇറച്ചി കഴിച്ചിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ലാബ് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സാൻസിബാറിലെ ജനങ്ങളെ സംബന്ധിച്ച് കടലാമയുടെ മാംസം സ്വാദിഷ്ടമായ വിഭവങ്ങളിലൊന്നാണ്. എന്നാൽ, ഈ ഈ ഇറച്ചി പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. അതുകൊണ്ടുതന്നെ കടലാമയുടെ ഇറച്ചി കഴിക്കരുതെന്ന് അധികൃതർ നേരത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ദുരന്തനിവാരണ സംഘത്തെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. 2021 നവംബറിൽ സമാനമായ ദുരന്തം ഇവിടെ സംഭവിച്ചിരുന്നു.