കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും: 19 പേർ മരണപ്പെട്ടു, 7 പേരെ കാണ്മാനില്ല


ജക്കാർത്ത: കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 19 പേർ മരണപ്പെട്ടു. ഇന്തോനേഷ്യയിലാണ് സംഭവം. ഏഴ് പേരെ കാണാതാകുകയും ചെയ്തു. വെസ്റ്റ് സുമാത്ര പ്രവിശ്യയിലെ പെസിസിർ സെലാറ്റൻ ജില്ലയിലാണ് കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായത്.

വെള്ളിയാഴ്ച മുതൽ ഇവിടെ ശക്തമായ മഴ അനുഭവപ്പെടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണസേനയും പ്രാദേശിക ദുരന്ത നിവാരണ സേനയും ചേർന്നാണ് മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. 80,000-ത്തിലധികം ആളുകളെ പശ്ചിമ സുമാത്ര പ്രവിശ്യയിലെ ഒമ്പത് ജില്ലകളിലും നഗരങ്ങളിലുമായി വിവിധ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

14 വീടുകൾ മണ്ണിനടിയിലായി. 20,000 വീടുകളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.