ഓസ്കർ പ്രഖ്യാപിക്കാൻ ജോൺ സീന എത്തിയത് പൂർണ ന​ഗ്നനായി: ധീരതയെന്ന് ആരാധകർ


ഓസ്കർ വേദിയിൽ നഗ്നനായെത്തി റെസ്ലിങ് താരവും നടനുമായ ജോൺ സീന. മികച്ച കോസ്റ്റ്യും ഡിസൈനറിന് പുരസ്‌കാരം നല്‍കാനാണ് സീനയെ അവതാരകനായ ജിമ്മി കിമ്മല്‍ ക്ഷണിച്ചത്. തുടക്കത്തില്‍ വേദിയില്‍ പ്രവേശിക്കാന്‍ മടിച്ച സീനയെ ജിമ്മി കിമ്മലാണ് നിര്‍ബന്ധിച്ച് വേദിയിലെത്തിച്ചത്.

പുരസ്കാര ജേതാവിന്റെ പേരടങ്ങിയ കവ‍ർ കൊണ്ട് തന്റെ ന​ഗ്നത മറച്ചാണ് ജോൺ സീന വേദിയിലേക്ക് എത്തിയത്. വസ്ത്രാലങ്കാരത്തിന് നാമനി‍ർദേശം ചെയ്യപ്പെട്ടവരുടെ കഠിനാധ്വാനത്തെക്കുറിച്ചും ജോൺ സീന വേദിയിൽ സംസാരിച്ചു. ധീരമായ പ്രവൃത്തിക്ക് സോഷ്യൽ മീഡിയയിൽ ജോൺ സീനക്ക് വാഴ്ത്തലുകളാണ്.

പുവർ തിങ്സ് എന്ന സിനിമയിലെ വസ്ത്രാലങ്കാരത്തിന് ഹോളി വാഡിങ്ടണാണ് ഓസ്ക‍ർ ലഭിച്ചത്. 96-ാമത് ഓസ്കർ പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കുന്നത്. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലെ റെഡ് കാർപ്പറ്റിലാണ് ചടങ്ങുകൾ മുന്നേറുന്നത്.

ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനത്തിൽ തിളങ്ങി ഓപ്പൺഹൈമർ. ഏഴു പുരസ്കാരങ്ങളാണ് അവാർഡ് പ്രഖ്യാപനം പുരോ​ഗമിക്കുമ്പോൾ തന്നെ വാരിക്കൂട്ടിയത്. മികച്ച സംവിധായകൻ, നടൻ, ചിത്രം, സഹനടൻ, ഒറിജിനൽ സ്‌കോർ, എഡിറ്റർ, ഛായാഗ്രഹണം എന്നീ പുരസ്കാരങ്ങളാണ് ഓപ്പൺഹൈമർ വാരിക്കൂട്ടിയത്.