പാകിസ്ഥാനുമായി ചര്‍ച്ച നടത്തുന്നതിനുള്ള വാതിലുകള്‍ ഇന്ത്യ ഒരിക്കലും അടച്ചിട്ടില്ല: വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍
ന്യൂഡല്‍ഹി: പാകിസ്ഥാനുമായി ചര്‍ച്ച നടത്തുന്നതിനുള്ള വാതിലുകള്‍ ഇന്ത്യ ഒരിക്കലും അടച്ചിട്ടില്ലെന്നും, എന്നാല്‍ തീവ്രവാദമെന്ന വിഷയമായിരിക്കും സംഭാഷണത്തിന്റെ കേന്ദ്രബിന്ദുവായി എത്തുകയെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍.
വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ടുള്ള നയതന്ത്ര നിലപാടുകളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണ കൊറിയയിലും ജപ്പാനിലുമായി നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഡല്‍ഹിയില്‍ മടങ്ങി എത്തിയത്.
ഇന്ത്യ-പാക് ബന്ധത്തെക്കുറിച്ചും, പാകിസ്ഥാന്‍ ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ ഇന്ത്യ ഇത് അംഗീകരിക്കുമോ എന്നുമുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ‘ പാകിസ്ഥാനുമായി ചര്‍ച്ചകള്‍ നടത്തുന്നതിനുള്ള വാതിലുകള്‍ ഇന്ത്യ ഒരിക്കലും അടച്ചിട്ടില്ല. എന്തിനെ കുറിച്ചാണ് ഇരുരാജ്യങ്ങളും സംസാരിക്കുന്നത് എന്നതായിരിക്കും മറ്റൊരു സംശയം. ന്യായമായും തീവ്രവാദം എന്ന വിപത്ത് തന്നെയായിരിക്കും ചര്‍ച്ചയിലെ പ്രധാന വിഷയം. മറ്റ് വിഷയങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ടാകാം. പക്ഷേ ഭീകരവാദത്തെ എല്ലാ രീതിയിലും പിന്തുണയ്ക്കുന്ന സമീപനമാണ് പാകിസ്ഥാനുള്ളത്. അതുകൊണ്ട് തന്നെ തീവ്രവാദമെന്ന വിഷയത്തെ ഒഴിവാക്കിയുള്ള ഒരു ചര്‍ച്ചയും നടത്താനാകില്ല’, അദ്ദേഹം ചൂണ്ടിക്കാട്ടി.