മാഞ്ഞുപോയ വിമാനം, പത്ത് വര്‍ഷം മുന്‍പ് അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം എവിടെ? അതൊരു കൂട്ടക്കൊലപാതകമാകാമെന്ന് വിദഗ്ധൻ


മലേഷ്യൻ എയർലൈൻസിന്റെ എഎച്ച് 370 എന്ന വിമാനം കാണാതായിട്ട് 10 വർഷം തികഞ്ഞത് അടുത്തിടെയാണ്. 239 യാത്രക്കാരുമായി 2014 മാർച്ച് 8 അർധരാത്രിക്ക് ശേഷം ക്വലാലംപുർ വിമാനത്താവളത്തിൽ നിന്നും ബെയ്ജിങ്ങ് ലക്ഷ്യമാക്കി പുറപ്പെട്ട ബോയിങ് 777- 200 ഇ ആർ വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിയില്ല. വിമാനം കാണാതായെന്ന് സംശയിക്കുന്നതിന് പിന്നാലെ വലിയ രീതിയിൽ കടലിൽ നടത്തിയ തെരച്ചിലിൽ വിമാനം കണ്ടെത്താനുമായില്ല. 10 വർഷത്തിനിപ്പുറം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീണ്ടും എന്താണ് വിമാനത്തിന് സംഭവിച്ചത് എന്താണെന്ന് കണ്ടെത്താനായി തെരച്ചിൽ തുടങ്ങാനൊരുങ്ങുകയാണ് മലേഷ്യ.

മലേഷ്യൻ എയർലൈൻസിൻ്റെ വിമാനം അപ്രത്യക്ഷമായതിന് പിന്നിൽ പൈലറ്റ് ആകാമെന്ന കണ്ടെത്തലിലാണ് വിദഗ്ധൻ.വിമാനത്തിൻ്റെ ദുരൂഹമായ തിരോധാനം പൈലറ്റിൻ്റെ കൂട്ടക്കൊല ആസൂത്രണത്തിൻ്റെ ഫലമാകാമെന്ന് ബ്രിട്ടീഷ് വ്യോമയാന വിദഗ്ധൻ സൈമൺ ഹാർഡി അവകാശപ്പെട്ടു. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, MH370 വിമാനത്തിൻ്റെ പൈലറ്റ് ക്യാപ്റ്റൻ സഹരി അഹമ്മദ് ഷാ, വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി ഹാർഡി അവകാശപ്പെടുന്നു.

പൈലറ്റ് വിമാനം കടലിലേക്ക് ഇറക്കി. തുടർന്ന് കപ്പലിലുണ്ടായിരുന്ന 239 യാത്രക്കാരും കൊല്ലപ്പെട്ടുവെന്നാണ് ഹാർഡി പറയുന്നു. പൈലറ്റിന്റെ വ്യക്തിപരമായ പ്രശ്നങ്ങൾ അദ്ദേഹത്തിൻ്റെ മാനസികാരോഗ്യത്തെ ബാധിച്ചിരിക്കാമെന്നും ഈ ദാരുണമായ സംഭവത്തിന് അയാളാണ് കാരണമായെന്നും ഹാർഡി പറയുന്നു. വിമാനം പറന്നുയരുന്നതിന് മുമ്പ് കോക്ക്പിറ്റിലേക്ക് അധിക ഇന്ധനത്തിനും ഓക്സിജനും വേണ്ടിയുള്ള അഭ്യർത്ഥനകൾ പോലെയുള്ള വിവിധ സൂചനകളെ അടിസ്ഥാനമാക്കിയുള്ളതാണ് അദ്ദേഹത്തിൻ്റെ സിദ്ധാന്തം. 2014 മാർച്ച് 8 ന് തെക്കൻ ചൈനാ കടലിൽ അപ്രത്യക്ഷമായ ബോയിംഗ് 777 ന് വേണ്ടിയുള്ള ഔദ്യോഗിക തിരച്ചിലിൻ്റെ ഭാഗമായിരുന്നു ഹാർഡി.

അതേസമയം, വ്യോമയാന ഗതാഗത രംഗത്തെ എക്കാലത്തേയും നിഗൂഡതയായാണ് എഎച്ച് 370 നിലനിൽക്കുന്നത്. 30 രാജ്യങ്ങളാണ് എഎച്ച് 370 നായുള്ള തെരച്ചിലിൽ പങ്കെടുത്തത്. ക്വാലാലംപൂരിൽ നിന്ന് ബെയ്ജിങ്ങിലേക്ക് പോകുന്നതിനിടെ എഎച്ച് 370 പെട്ടന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. 14 രാജ്യങ്ങളിൽ നിന്നായുള്ള 227 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തിനൊപ്പം കാണാതായത്. ടേക്ക് ഓഫിന് 38 മിനിറ്റിന് ശേഷം നടന്ന ആശയ വിനിമയമാണ് ഒടുവിലായി എഎച്ച് 370 നടന്നിട്ടുള്ളത്. ഇതേസമയം തെക്കൻ ചൈന കടലിന് മുകളിലായിരുന്നു വിമാനമുണ്ടായിരുന്നത്. നിർദ്ദിഷ്ട പാതയിൽ നിന്ന് എഎച്ച് 370ന് അപ്രതീക്ഷിതമായുണ്ടായ ചലനം സൈനിക റഡാറുകൾ പിടിച്ചെടുത്തിരുന്നു. ഇന്ത്യൻ മഹാമസുദ്രത്തിൽ വിമാനം വീണതായാണ് സംശയിക്കപ്പെടുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ 23000 സ്ക്വയർ മൈൽ ദൂരമാണ് സംയുക്ത തെരച്ചിൽ സംഘം വിമാനത്തിന് വേണ്ടിയും അതിലെ യാത്രക്കാർക്ക് വേണ്ടിയുമായി അരിച്ച് പെറുക്കിയത്.

2015 ജനുവരിയിൽ മലേഷ്യൻ അധികൃതർ എഎച്ച് 370ന്റെ കാണാതാകൽ അപകടമാണെന്നും വിമാനത്തിലുണ്ടായിരുന്നവർ മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ സുഗമം ആക്കാനായിരുന്നു ഇത്. 2015 ജൂലൈ മാസത്തിലാണ് എഎച്ച് 370ന്റ കാണാതാകലിൽ പ്രത്യക്ഷമായ ഒരു തെളിവ് ലഭിക്കുന്നത്. 2015 ജൂലൈ 29 നായിരുന്നു അത്. അപ്പോഴേക്കും വിമാനം കാണാതായിട്ട് 16 മാസങ്ങൾ പിന്നിട്ടിരുന്നു. ഫ്രഞ്ച് ഐലൻഡ് ഓഫ് റീയൂണിയൻ എന്ന പ്രദേശത്ത് അന്നേദിവസം, ആറടിയോളം നീളമുള്ള ഒരു വിമാനാവശിഷ്ടം ബീച്ചിൽ വന്നടിഞ്ഞു.

ബോയിങ്ങ് 777 വിമാനത്തിന്റെ ‘ഫ്ലാപ്പറോൺ’ എന്ന് പറയുന്ന ഒരു ഭാഗമായിരുന്നു തീരത്തടിഞ്ഞത്. MH370യും ഒരു ബോയിങ്ങ് 777 ആയിരുന്നു. MH370യുമായി ബന്ധിപ്പിക്കുന്ന ഒരു സീരിയൽ നമ്പറോട് കൂടിയതായിരുന്നു ഈ വിമാനാവശിഷ്ടം. പിന്നീട് വിമാനത്തിന്റേതെന്ന് വിലയിരുത്തിയ വിവിധ അവശിഷ്ടങ്ങൾ പല രാജ്യങ്ങളിൽ നിന്നായി കണ്ടെത്താൻ സാധിച്ചു. മൌറീഷ്യസ്, ടാൻസാനിയ, മൊസാംബിക്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നായി വിമാനാവശിഷ്ടങ്ങൾ കണ്ടെത്തി. 2017ഓടെ വിമാനത്തിന് വേണ്ടിയുള്ള തെരച്ചിലുകൾ അവസാനിപ്പിച്ചു. വ്യോമയാന അികൃതരുടെ ഭാഗത്ത് നിന്നുള്ള പാളിച്ചകൾ പുറത്ത് വന്നതോടെ മലേഷ്യയുടെ സിവിൽ ഏവിയേഷൻ ചീഫ് രാജി വയ്ക്കേണ്ടി വന്നിരുന്നു.