ടിക്ടോക്കിനെതിരെ പിടിമുറുക്കി അമേരിക്ക, നിരോധന ബിൽ പാസാക്കി പ്രതിനിധി സഭ


വാഷിംഗ്ടൺ: പ്രമുഖ ചൈനീസ് ഷോട്ട് വീഡിയോ ആപ്പായ ടിക്ടോക്കിനെതിരെ പിടിമുറുക്കി അമേരിക്ക. അധികം വൈകാതെ ടിക്ടോക്ക് നിരോധിക്കാനാണ് അമേരിക്കയുടെ തീരുമാനം. ഇത് സംബന്ധിച്ച ബിൽ യുഎസ് പ്രതിനിധി സഭ പാസാക്കി. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസാണ് ടിക്ടോക്കിന്റെ മാതൃ കമ്പനി. ആപ്പിന്റെ ഉടമസ്ഥാവകാശം വിറ്റൊഴിക്കാൻ കമ്പനി തയ്യാറായില്ലെങ്കിൽ അമേരിക്കയിൽ ടിക്ടോക്ക് നിരോധിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി ആറ് മാസത്തെ കാലാവധി യുഎസ് പ്രതിനിധി സഭ നൽകിയിട്ടുണ്ട്.

സെനറ്റ് ബിൽ പാസാക്കുന്നതോടെ നിയമം പ്രാബല്യത്തിലാകുന്നതാണ്. തുടർന്ന് ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവ അടക്കമുള്ള അമേരിക്കയിലെ മുഴുവൻ ആപ്പ് സ്റ്റോറുകളിൽ നിന്നും ടിക്ടോക്ക് നീക്കം ചെയ്യും. സെനറ്റ് കൂടി ബിൽ പാസാക്കിയാൽ താൻ ഒപ്പിടുമെന്ന് നേരത്തെ തന്നെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. ഇന്ത്യ, ബ്രിട്ടൻ, ന്യൂസിലൻഡ്, കാനഡ, തായ്‌വാൻ, ബെൽജിയം, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ഇതിനോടകം ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യ സുരക്ഷയെ മുൻനിർത്തിയാണ് ഇന്ത്യ ടിക്ടോക്ക് നിരോധിച്ചത്.