239യാത്രക്കാരുമായി പറന്ന മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനത്തിന് പിന്നില്‍ പൈലറ്റ് മുന്‍കൂട്ടി തയ്യാറാക്കിയ കൂട്ടക്കുരുതി


ന്യൂയോര്‍ക്ക്: 239 യാത്രക്കാരുമായി മലേഷ്യന്‍ വിമാനമായ എം.എച്ച് 370 അപ്രത്യക്ഷമായി 10 വര്‍ഷത്തിന് ശേഷം, വിമാനത്തിന്റെ തിരോധാനത്തില്‍ പുതിയ തിയറിയുമായി ബോയിംഗിലെ വിദഗ്ദനും പൈലറ്റുമായ സൈമണ്‍ ഹാര്‍ഡി. 2015 തൊട്ട് അന്വേഷണത്തിന്റെ അവസാനം വരെ അന്വേഷണസംഘത്തിലുണ്ടായിരുന്ന ആളാണ് ഹാര്‍ഡി.

‘വിമാനത്തിന്റെ പൈലറ്റ് മൂന്‍കൂട്ടി തയ്യാറാക്കിയ കൂട്ടുക്കുരുതിയാണ് സംഭവിച്ചത്. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഗ്ലീവിന്‍ക് ഫ്രാക്ചര്‍ സോണില്‍ കടലിനടിയിലാണ് ഉള്ളത്’, ഹാര്‍ഡിയുടെ പറയുന്നു.

2014 മാര്‍ച്ച് 8 നാണ് ക്വാലാലംപൂരില്‍ നിന്നും ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം.എച്ച് 370 വിമാനം പറന്നുകൊണ്ടിരിക്കെ അപ്രത്യക്ഷമാകുന്നത്. വൈകീട്ട് ക്വലാലംപൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ നിന്നും 40 മിനിറ്റുകള്‍ക്ക് ശേഷം പൈലറ്റ് സഹാരി അഹമ്മദ് ഷായുടെ സൈന്‍ ഓഫ് ലഭിച്ചിരുന്നു. തുടര്‍ന്ന് വിയറ്റ്നാം വ്യോമ അതിര്‍ത്തിയില്‍ കടന്ന വിമാനത്തിന്റെ വിവരങ്ങള്‍ അറിയിക്കാനുള്ള ട്രാന്‍സ്പോണ്ടര്‍ ഓഫ് ചെയ്യപ്പെടുകയായിരുന്നു. വിമാനത്തിനായി ലോകം കണ്ട ഏറ്റവും വലിയ തിരച്ചില്‍ തന്നെ നടത്തിയിരുന്നു. 2017 വരെ നടത്തിയ തിരച്ചില്‍, ഒന്നും കണ്ടെത്താനാകാതെ അവസാനിപ്പിക്കുകയായിരുന്നു.

വിമാനത്തിന്റെ തിരോധാനത്തിന് പിന്നാലെ 2015 ലെ തിരച്ചിലില്‍ ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോയുമായി ഹാര്‍ഡി പ്രവര്‍ത്തിച്ചിരുന്നു.

വിമാനം കാണാതാവുന്നതിന് മുമ്പ് കോക്പിറ്റിലേക്ക് വന്‍ തോതില്‍ ഓക്സിജന്‍ കയറ്റിയിരുന്നു. ഇത് പ്രോട്ടോകോള്‍ പാലിക്കാതെയുള്ള നടപടിയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ റിയൂണിയന്‍ ദ്വീപില്‍ നിന്നും കണ്ടെത്തിയ വിമാനത്തിന്റെ ചിറകിന്റെ ഭാഗമാണ് ഹാര്‍ഡിയുടെ തിയറിയുടെ അടുത്ത ഘട്ടം. വിമാനത്തിന്റെ ദിശയും ഉയരവും നിയന്ത്രിക്കുന്ന ഫ്ളാപറോണ്‍ എന്ന ചലിക്കുന്ന ഭാഗമാണ് കണ്ടെത്തിയത്. ഇത് പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ദ്വീപില്‍ വീണിരിക്കുന്നത്. അതിനര്‍ഥം പൈലറ്റ് വിമാനത്തിന്റ ഇന്ധനം തീര്‍ക്കാനായി വളഞ്ഞും പുളഞ്ഞും സഞ്ചരിച്ചു എന്നതാണ്. ഇന്ധനമില്ലാത്ത വിമാനം കടലില്‍ വീഴുമ്പോള്‍ ഉപരിതലത്തില്‍ എണ്ണപ്പാടയുള്ളതായി കാണാനാകില്ല. ഇത് വിമാനം വീണ സ്ഥലം തിരിച്ചറിയുന്നത് തടയാന്‍ ഉപകാരപ്പെടുമെന്ന് പൈലറ്റ് കണക്കുകൂട്ടിയെന്നും ഹാര്‍ഡി പറയുന്നു.

‘വിമാനം വീഴ്ത്താനായി ലക്ഷ്യ സ്ഥാനത്തെത്തിയപ്പോള്‍ പൈലറ്റ് യാത്രക്കാരുടെ കാബിനിലെ അന്തരീക്ഷമര്‍ദ്ദം പൊടുന്നനെ കുറച്ചു. ഇത് യാത്രികരെ ബോധരഹിതരാക്കുക എന്നുള്ള ഉദ്ദേശത്തോടെയായിരുന്നു. ഇതിന് ശേഷമാണ് വിമാനത്തെ ഗീവിന്‍ക് ഫ്രാക്ചര്‍ സോണിലെ കടലിലേക്ക് പൈലറ്റ് ഇടിച്ചിറക്കുന്നത്. വിമാനം കടലില്‍ ഇറക്കുന്നതിന് മുമ്പ് തന്നെ യാത്രികര്‍ ഓക്സിജന്റെ അഭാവം മൂലം മരണപ്പെട്ടിട്ടുണ്ടാകാം. അഗ്‌നിപര്‍വതങ്ങള്‍ വന്‍തോതിലുള്ള പ്രദേശമായതിനാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പാറകള്‍ക്കടിയില്‍ പുതഞ്ഞുപോയേക്കാം’, ഹാര്‍ഡി പറയുന്നു.

വിമാനത്തിന്റെ പൈലറ്റിന്റെ വീട്ടിലെ ഫ്‌ളൈറ്റ് സിമ്യുലേറ്ററില്‍ സമാനമായ സാഹചര്യത്തില്‍ പലതവണ വിമാനം പറത്തി നോക്കിയിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കേ അറ്റത്ത് ഇന്ധനം കഴിയുന്ന രീതിയിലായിരുന്ന പല സാഹചര്യങ്ങളും. പലതവണ മലേഷ്യന്‍ വിമാനത്തിന്റെ സിമ്യുലേഷന്‍ നടത്തിയാണ് താന്‍ ഇത്തരമൊരു നിരീക്ഷണത്തിലേക്കെത്തിയത്’, സൈമണ്‍ ഹാര്‍ഡി പറഞ്ഞു.