ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വംശജരായ മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കാനഡയിലെ ഒന്റാറിയോയിലാണ് ദാരുണമായ സംഭവം നടന്നത്. രാജീവ് വരിക്കോ (51), ശില്പ കോഥ (47), മെഹക് വരിക്കോ (16) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. കുടുംബം താമസിച്ചിരുന്ന വീട്ടിൽ തീപിടിത്തം നടന്നതിന്റെ തെളിവുകൾ ഉണ്ട്. എന്നാൽ, എങ്ങനെയാണ് വീട്ടിൽ തീപിടുത്തം ഉണ്ടായത് എന്നതിൽ ദുരൂഹത നിലനിൽക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
അയൽവാസികളാണ് തീപിടുത്തം ഉണ്ടായ വിവരം പോലീസിനെ അറിയിക്കുന്നത്. തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തുകയായിരുന്നു. അണയ്ക്കാൻ തുടങ്ങുമ്പോഴേക്കും വീടിന്റെ പൂർണ്ണമായും കത്തിനശിച്ചിരുന്നു. മൃതദേഹങ്ങൾ മാത്രമാണ് തീപിടിത്തത്തിൽ അവശേഷിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതാണ്ട് 15 വർഷത്തിലധികമായി രാജീവ് വരിക്കോയും കുടുംബവും പ്രദേശത്ത് താമസിച്ച് വരികയാണ്. മറ്റു പ്രശ്നങ്ങളൊന്നും ഇവരെ അലട്ടിയിരുന്നതായി അറിയില്ലെന്ന് അയൽക്കാർ അറിയിച്ചു.