2 വർഷത്തോളമായി എല്ലാ ദിവസവും രാത്രി ഹെഡ്ഫോൺ വെച്ച് പാട്ടുകൾ കേട്ട് ഉറക്കം: യുവതിയ്ക്ക് കേൾവി ശക്തി നഷ്ടപ്പെട്ടു
ബെയ്ജിംഗ്: 2 വർഷത്തോളമായി എല്ലാ ദിവസവും രാത്രി ഹെഡ്ഫോൺ വെച്ച് പാട്ടുകൾ കേട്ട് ഉറങ്ങിയ യുവതിയ്ക്ക് കേൾവി ശക്തി നഷ്ടപ്പെട്ടു. ചൈനയിലാണ് സംഭവം. ചൈനയിലെ ഷാൻഡോങ്ങിൽ താമസക്കാരിയായ വാങ് എന്ന യുവതിയ്ക്കാണ് കേൾവി ശക്തി നഷ്ടമായത്.
കേൾവിക്കുറവ് തുടങ്ങിയപ്പോൾ, ചെവി പരിശോധിക്കാൻ യുവതി ആശുപത്രിയിൽ എത്തി. ആരെങ്കിലും സംസാരിക്കുമ്പോഴൊക്കെ എന്താണ് പറയുന്നതെന്ന് മനസിലാക്കാൻ തനിക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടെന്നായിരുന്നു യുവതി ഡോക്ടർമാരോട് വ്യക്തമാക്കിയത്. ഇത് ജോലിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും യുവതി പറഞ്ഞിരുന്നു.
ഡോക്ടർമാർ ചെവി പരിശോധിച്ചപ്പോൾ, ഇടത് ചെവിയിൽ സ്ഥിരമായ കേൾവി തകരാർ വന്നതായി കണ്ടെത്തുകയായിരുന്നു. ചെവിക്ക് എന്തെങ്കിലും പരിക്കുണ്ടോ അതോ വളരെ നേരം വലിയ ശബ്ദത്തിൽ ശബ്ദം കേട്ടിരുന്നോ എന്ന് ഡോക്ടർമാർ ചോദിച്ചപ്പോഴാണ് എല്ലാ രാത്രിയും ഹെഡ്ഫോണുകൾ ഉപയോഗിച്ച് പാട്ടുകൾ കേട്ടാണ് ഉറങ്ങുകയെന്ന് യുവതി വ്യക്തമാക്കിയത്. ഇതാണ് കേൾവി ശക്തി നഷ്ടമാകാൻ കാരണമെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്.