അഭയാർത്ഥി കാർഡ് കരസ്ഥമാക്കിയാലും റോഹിംഗ്യൻ മുസ്ലിങ്ങൾക്ക് അഭയാർത്ഥി പദവി നൽകാനാകില്ല, കോടതി ഇടപെടരുതെന്ന് കേന്ദ്രം
ന്യൂഡൽഹി: ഇന്ത്യയിൽ അനധികൃതമായി എത്തുന്ന റോഹിംഗ്യൻ മുസ്ലീങ്ങൾക്ക് അഭയാർത്ഥി പദവി നൽകാൻ കോടതി ഉത്തരവിടരുതെന്ന് കേന്ദ്ര സർക്കാർ. അഭയാർത്ഥി പദവി നൽകുന്നത് നയപരമായ കാര്യമാണെന്നും സർക്കാരിന്റെ ഇത്തരം കാര്യങ്ങളിൽ കോടതി ഇടപെടരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ഹൈകമ്മീഷണറിൽ (UNHCR ) നിന്ന് ചില റോഹിംഗ്യൻ മുസ്ലിങ്ങൾ അഭയാർത്ഥി കാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. ഈ കാർഡ് ചൂണ്ടിക്കാട്ടിയാണ് അഭയാർത്ഥി പദവിക്കായി ശ്രമിക്കുന്നത്. എന്നാൽ ഇന്ത്യ UNHCR നൽകുന്ന കാർഡ് അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
1951-ലെ യുഎൻ അഭയാർത്ഥി കൺവെൻഷനിലും തുടർന്നുള്ള പ്രോട്ടോക്കോളിലും ഇന്ത്യ ഒപ്പുവെച്ചിട്ടില്ല. അതിനാൽ ആഭ്യന്തര നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ എന്നും കേന്ദ്രം വ്യക്തമാക്കി.
വിദേശത്തുനിന്ന് എത്തുന്നവർക്ക് ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം അന്തസ്സോടെ ജീവിക്കാനും സ്വാതന്ത്ര്യത്തിനും ഉള്ള അവകാശമുണ്ട്.എന്നാൽ, ഇന്ത്യയിൽ സ്ഥിരതാമസത്തിനുള്ള അവകാശം ഇല്ല. ആ അവകാശം ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ഉള്ളൂവെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.