പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം, അവിടെ താമസിക്കുന്നവർ ഇന്ത്യക്കാർ, അത് തിരിച്ചു പിടിക്കുക ലക്ഷ്യം – അമിത് ഷാ
ന്യൂഡൽഹി: പാക് അധീന കശ്മീർ (POK ) ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അവിടെ താമസിക്കുന്ന മുസ്ലീങ്ങളും ഹിന്ദുക്കളും ഇന്ത്യക്കാരാണെന്നും ആവർത്തിച്ച് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
‘പിഒകെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ബിജെപിയും മുഴുവൻ പാർലമെൻ്റും വിശ്വസിക്കുന്നു. പിഒകെയിൽ താമസിക്കുന്ന മുസ്ലീങ്ങളും ഹിന്ദുക്കളും ഇന്ത്യക്കാരാണ്, പാകിസ്ഥാൻ അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമിയും ഇന്ത്യയുടേതാണ്. അത് തിരിച്ചുപിടിക്കുക എന്നത് ഓരോ ഇന്ത്യക്കാരൻ്റെയും ഓരോ കശ്മീരിയുടെയും ലക്ഷ്യമാണ്,’ അമിത് ഷാ ജെ കെ മീഡിയ ഗ്രൂപ്പിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ആർട്ടിക്കിൾ 370 റദ്ദാക്കിയാൽ കാശ്മീരി സംസ്കാരത്തിനും ഭാഷയ്ക്കും നിലനിൽപ്പിനും ഭീഷണിയുണ്ടാകുമെന്ന് പലരും പ്രചരിപ്പിച്ചു. എന്നാൽ ആർട്ടിക്കിൾ 370 അസാധുവാക്കിയിട്ട് അഞ്ച് വർഷം കഴിഞ്ഞെങ്കിലും അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. കാശ്മീരികൾ ഇന്ന് സ്വതന്ത്രരാണ്, കശ്മീരി ഭാഷയുടെ പ്രാധാന്യവും ഭക്ഷണ സംസ്കാരവും വർദ്ധിച്ചു, കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വിനോദസഞ്ചാരികൾ ഒഴുകുന്നു,’മന്ത്രി പറഞ്ഞു.