ബാൾട്ടിമോർ അപകടം: നദിയിൽ വീണ ട്രക്കിനുള്ളിൽ നിന്ന് 2 മൃതദേഹങ്ങൾ കൂടി കണ്ടെത്തി, രക്ഷാപ്രവർത്തനം ഇന്നും നടക്കും


വാഷിംഗ്ടൺ: അമേരിക്കയിലെ ബാൾട്ടിമോറിൽ പാലം തകർന്നതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ മരണസംഖ്യ വീണ്ടും ഉയർന്നു. അപകടത്തെ തുടർന്ന് 2 പേരുടെ മൃതദേഹം കൂടിയാണ് കണ്ടെത്തിയിരിക്കുന്നത്. പട്പ്സ്കോ നദിയിൽ മുങ്ങിയ ചുവന്ന ട്രക്കിൽ നിന്നാണ് 2 മൃതദേഹങ്ങൾ കണ്ടെത്തിയത്. അപകടം നടന്ന് 35 മണിക്കൂറുകൾക്ക് ശേഷമാണ് ട്രക്കിൽ നിന്നും 2 മൃതദേഹവും പുറത്തെത്തിച്ചത്. ഈ മേഖലയിൽ ഇന്നും രക്ഷാപ്രവർത്തനം തുടരുന്നതാണ്. അപകട സമയത്ത് താഴേക്ക് വീണ വാഹനങ്ങൾ കണ്ടെടുക്കാനാണ് ഇനി കൂടുതൽ ശ്രദ്ധ നൽകുക.

വെള്ളത്തിനടിയിലുള്ള അവശിഷ്ടങ്ങൾക്ക് സമീപം കൂടുതൽ വാഹനങ്ങൾ ഉണ്ടെന്നാണ് വിലയിരുത്തൽ. ഈ വാഹനങ്ങൾക്കുള്ളിൽ ആളുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതേസമയം, അപകടത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ അവസാനിപ്പിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം, ആറ് പേരുടെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല. ഇനിയും തിരച്ചിൽ തുടർന്നാലും ഇവരെ ജീവനോടെ കണ്ടെത്താൻ സാധിക്കില്ലെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. അതേസമയം, പാലത്തിൽ ഇടിച്ച കപ്പലിലെ 22 ഇന്ത്യക്കാരും സുരക്ഷിതരാണ്. എന്നാൽ, ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.