പരസ്പരം ഒത്തുപോകാന്‍ കഴിയാത്തതിനാല്‍ കമിതാക്കള്‍ പിരിയുന്നത് സാധാരണയാണ്. എന്നാല്‍ ആ തീരുമാനം ഒരാളുടേത് മാത്രമാണെങ്കില്‍ എതിരെ നില്‍ക്കുന്നയാള്‍ എങ്ങനെയാണ് ഇതിനോട് പ്രതികരിക്കുന്നതെന്ന് പറയാനാവില്ല. ചിലര്‍ ആ തീരുമാനം ഉള്‍ക്കൊള്ളും, മറ്റ് ചിലര്‍ വിഷമിച്ചിരിക്കുകയും ചെയ്യും. എന്നാല്‍ ഇതിലൊന്നും പെടാത്ത ഒരു കൂട്ടരുണ്ട്, പ്രതികാര മനോഭാവവുമായി നടക്കുന്നവര്‍.
റെഡ്ഡിറ്റില്‍ ഇതുമായി ബന്ധപ്പെട്ട് തന്റെ വിചിത്രമായ അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് ഒരു യുവതി. ഈ യുവതിയുടെ കാമുകന്‍ ഒരു പ്ലംബറായിരുന്നു. അയാള്‍ക്ക് പണം ചെലവഴിക്കാന്‍ വലിയ മടിയാണ്. കറന്റ് ബില്ലൊക്കെ ഈ യുവതിയാണ് അടയ്ക്കാറുള്ളത്.
മാത്രമല്ല, റെസ്റ്റോറന്റുകളിലും മറ്റും പോയാല്‍ വെയിറ്റര്‍മാര്‍ക്ക് ടിപ്പും കൊടുക്കില്ല. ഇത് യുവതിക്ക് തീരെ ഇഷ്ടമുള്ള കാര്യമായിരുന്നില്ല. അങ്ങനെ അവള്‍ അവനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. രണ്ടുപേരും പിരിഞ്ഞു കഴിഞ്ഞപ്പോള്‍ യുവാവ് തന്റെ സാധനങ്ങളെല്ലാം വാരി പെട്ടിയിലാക്കി അവിടെ നിന്നും പോയി.
എന്നാല്‍ ഉറങ്ങിക്കിടന്ന യുവതിക്ക് ഒരു പണികൊടുത്താണ് കാമുകന്‍ സ്ഥലംവിട്ടത്. ഉറക്കം കഴിഞ്ഞ് എഴുന്നേറ്റ യുവതി ബാത്ത് റൂമില്‍ കയറിയപ്പോള്‍ ക്ലോസറ്റ് കാണുന്നില്ല. പ്ലംബറായ കാമുകന്‍ ക്ലോസറ്റും അടിച്ചുമാറ്റിയാണ് സ്ഥലംവിട്ടത്. ഇതോടെ യുവതി ആകെ പെട്ടുപോയി. ബാത്ത്‌റൂമില്‍ പോവാനുള്ള തോന്നല്‍ കലശലായതോടെ യുവതിക്ക് ടാക്കോ ബെല്ലിലേക്ക് പോകേണ്ടി വന്നു. എന്നാല്‍, അവിടെ ബാത്ത്‌റൂം ഉപയോഗിക്കണമെങ്കില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യണമായിരുന്നു.
പിന്നാലെ യുവതി മറ്റൊരു പ്ലംബറെ വിളിച്ച് പുതിയൊരു ക്ലോസറ്റും ബാത്ത് റൂമില്‍ ഫിറ്റ് ചെയ്യിപ്പിച്ചു. യുവതിയുടെ ഈ അനുഭവം റെഡ്ഡിറ്റില്‍ പെട്ടന്ന് തന്നെ വൈറലായി. ഇത്തരം അനുഭവം മറ്റാര്‍ക്കും ഉണ്ടാവരുതെന്നാണ് പലരും പോസ്റ്റിന് കമന്റിട്ടിരിക്കുന്നത്.