വള്ളം മറിഞ്ഞ് അപകടം ; 94 പേര്‍ മുങ്ങി മരിച്ചു



മൊസാംബിക്ക്: മൊസാംബിക്കിന്റെ വടക്കന്‍ തീരത്ത് കടത്തുവള്ളം മുങ്ങി 94 പേര്‍ മരിച്ചു. 26 പേരെ കാണാനില്ല. 130 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും ആളുകള്‍ കയറിയതും ബോട്ട് നിര്‍മാണത്തിലെ അശാസ്ത്രീയതയുമാണ് അപകട കാരണം.

Read Also: ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ; നേരിട്ട് ഇടപെട്ട് ബിജെപി കേന്ദ്ര നേതൃത്വം

കോളറ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവിടെ നിന്നും രക്ഷപ്പെടാന്‍ ബോട്ടില്‍ കയറിയവരാണ് മരിച്ചത്. മരിച്ചവരില്‍ നിരവധി കുട്ടികളുണ്ടെന്ന് നാമ്പുല പ്രവിശ്യയുടെ സ്റ്റേറ്റ് സെക്രട്ടറി ജെയിം നെറ്റോ പറഞ്ഞു. അഞ്ച് പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തനം എളുപ്പമല്ല. നാമ്പുലയില്‍ നിന്ന് ഐലന്റ് ഓഫ് മൊസാംബികിലേക്ക് പോവുകയായിരുന്നു ബോട്ട്. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി കടത്തുവള്ളമായി ഉപയോഗിക്കുകയായിരുന്നു.

ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് മൊസാംബിക്. ജനസംഖ്യയുടെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും ദാരിദ്ര്യത്തില്‍ കഴിയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഏകദേശം 15,000 ജലജന്യ രോഗങ്ങളും 32 മരണങ്ങളുമാണ് മൊസാംബികില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.