ഈ ഇറച്ചി സ്ഥിരമായി കഴിച്ച യുവതിക്ക് എട്ടിന്റെ പണി! കണ്ണിൽ ജീവിക്കുന്നത് അപൂർവ പരാന്നഭോജി


ബസാൻകുസു (കോം​ഗോ): സ്ഥിരമായി മുതലയിറച്ചി കഴിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. യുവതിയുടെ കണ്ണിൽ ജീവിക്കുന്ന അപൂർവ പരാന്നഭോജിയെ ഡോക്ടർമാർ കണ്ടെത്തി. മുതലയിറച്ചി കഴിച്ചതിന് ശേഷമാണ് ‌ജീവി സ്ത്രീയുടെ കണ്ണിലെത്തിയതെന്ന് ജമാ ഒഫ്താൽമോളജിയിൽ പ്രസിദ്ധീകരിച്ച കേസ് റിപ്പോർട്ടിൽ പറയുന്നു. കോംഗോയിലെ ബസാൻകുസുവിൽ നിന്നുള്ള 28 കാരിയായ യുവതിയുടെ ഇടതുകണ്ണിലാണ് ജീവി വളർന്നത്.

കണ്ണിൽ ചെറിയ മുഴ അല്ലാതെ മറ്റ് ലക്ഷണങ്ങളൊന്നുമില്ല. പരിശോധനയിൽ, കണ്ണിൻ്റെ പുറം പാളിയായ കൺജങ്ക്റ്റിവയ്ക്ക് കീഴിൽ ജീവി വളരുന്നതായി ഡോക്ടർമാർ കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ 10 മില്ലിമീറ്റർ നീളമുള്ള ജീവിയെ പുറത്തെടുത്തു. മോശമായ ഇറച്ചിയായതിനാലായിരിക്കാം ഇങ്ങനെ സംഭവിച്ചതെന്നും ഡോക്ടർമാർ പറയുന്നു. ആർമിലിഫർ ​​ഗ്രാൻഡിസ് എന്ന ജീവിയാണ് ഇതെന്ന് പരിശോധനയിൽ തെളിഞ്ഞു.

ഈ പരാന്നഭോജികൾ സാധാരണയായി പാമ്പുകളിലും എലികളിലുമാണ് കണ്ടുവരുന്നത്. മലിനമായ ഭക്ഷണത്തിൽ നിന്നോ വെള്ളത്തിൽ നിന്നോ അബദ്ധത്തിൽ മുട്ട വിഴുങ്ങുന്നതിലൂടെയോ അല്ലെങ്കിൽ രോഗബാധിതരായ പാമ്പുകളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയോ ഒക്കെയാവാം ഇത് മനുഷ്യരിലേക്ക് പടരുന്നതെന്നാണ് റിപ്പോർട്ട്. വേവിക്കാത്ത പാമ്പിൻ്റെ മാംസം കഴിക്കുന്നതിലൂടെയും മനുഷ്യ ശരീരത്തിലെത്താം. ഇത്തരം സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് യുവതി പറഞ്ഞു.

എന്നാൽ, താൻ സ്ഥിരമായി മുതലയിറച്ചി കഴിച്ചിരുന്നെന്നും യുവതി അറിയിച്ചു. മുതലയുടെ മാംസം കഴിക്കുന്നവരിൽ മുമ്പ് ആർമിലിഫർ ​​ഗ്രാൻഡിസ് അണുബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, മുതലകൾക്ക് പെൻ്റാസ്റ്റോമിഡുകൾ വഹിക്കാൻ കഴിയുമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.