യുദ്ധ സാഹചര്യത്തിൽ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക: ഇറാന് ജയിക്കാനാവില്ലെന്ന് ബൈഡന്റെ മുന്നറിയിപ്പ്
വാഷിങ്ടൺ: സിറിയയിലെ നയതന്ത്രകാര്യാലയം ആക്രമണത്തിനു തിരിച്ചടിയായി ഇറാൻ ഇസ്രയേലിനെ നേരിട്ട് ആക്രമിച്ചേക്കുമെന്ന റിപ്പോർട്ടുകളിൽ പ്രതികരിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. അക്രമവുമായി മുന്നോട്ട് പോകരുതെന്ന് ബൈഡൻ ഇറാന് മുന്നറിയിപ്പ് നൽകി. ആക്രമണത്തെ പ്രതിരോധിക്കാൻ ഇസ്രയേലിന് ശക്തമായ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമണങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ ഇസ്രയേലിന്റെ പ്രതിരോധത്തിന് ആവശ്യമായ പിന്തുണ നൽകുന്നതിൽ യു.എസ് പ്രതിജ്ഞാബദ്ധരാണ്. ആവശ്യമായ സഹായങ്ങൾ നൽകും. ഇറാന് വിജയിക്കാൻ സാധിക്കില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു. സുപ്രധാന ചർച്ചകൾക്കായി യു.എസിന്റെ പശ്ചിമേഷ്യയിലെ സേനാകമാൻഡർ എറിക് കുറില്ല ടെൽ അവീവിലെത്തിയിട്ടുണ്ട്.
അതിനിടെ, ആക്രമണഭീതി ഉയർന്ന പശ്ചാത്തലത്തിൽ യു.എസ്. തങ്ങളുടെ നയതന്ത്രഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ഇസ്രയേലിനകത്ത് യാത്രാനിയന്ത്രണങ്ങളേർപ്പെടുത്തി. ഫ്രാൻസും പൗരർക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ജർമനിയും തങ്ങളുടെ പൗരന്മാരോടെ ഇറാൻ വിടണമെന്ന് മുന്നറിയിപ്പ് നൽകി.
ഇറാനിലേക്കുള്ള സർവീസുകൾ ജർമൻ വ്യോമയാനകമ്പനിയായ ലുഫ്താൻസ കഴിഞ്ഞദിവസം നിർത്തിവെച്ചിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ഇന്ത്യക്കാർ ഇസ്രയേൽ, ഇറാൻ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. അവർ തങ്ങളുടെ സുരക്ഷയ്ക്ക് മുൻകരുതലുകളെടുക്കുകയും യാത്രകൾ നിയന്ത്രിക്കണമെന്നും വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകി.