ഹോർമുസ് കടലിടുക്കിന് സമീപം ‘ഇസ്രായേലി ബന്ധ’മുള്ള കപ്പൽ പിടിച്ചെടുത്ത് ഇറാൻ: കപ്പലിൽ 2 മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരും
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ ഇസ്രായേൽ ബന്ധമുള്ള ചരക്ക് കപ്പൽ പിടിച്ചെടുത്ത് ഇറാൻ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സ്. സർക്കാർ നിയന്ത്രണത്തിലുള്ള ഐആർഎൻഎ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പോർച്ചുഗീസ് പതാകയുള്ള എംഎസ്‌സി ഏരീസ് കപ്പലിൽ ഗാർഡ്‌സ് ഹെലികോപ്റ്റർ കയറി ഇറാനിയൻ കടലിലേക്ക് കൊണ്ടുപോയതായി ഐ ആർഎൻഎ റിപ്പോർട്ട് ചെയ്തു. ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ട ഒരു കണ്ടെയ്‌നർ കപ്പലാണ് എംഎസ്‌സി ഏരീസ്.
ഇന്ന് രാവിലെയാണ് ഇറാൻ സൈന്യം കപ്പൽ തടഞ്ഞത്. ദുബായിലേക്ക് പോകുകയായിരുന്ന കപ്പൽ ഹോർമുസ് കടലിടുക്കിൽ വച്ച് ഹെലിബോൺ ഓപ്പറേഷനിലൂടെയാണ് ഇറാൻ സൈന്യം പിടിച്ചെടുത്തത്. കപ്പലിൽ രണ്ട് മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരുമുണ്ട്. ഇവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിടിച്ചെടുത്ത കപ്പൽ ഇസ്രായേൽ ശതകോടീശ്വരൻ ഇയാൽ ഓഫറിൻ്റെ സോഡിയാക് ഗ്രൂപ്പിൻ്റെ ഭാഗമായ ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഏപ്രിൽ ഒന്നിന് സിറിയയിലെ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് മുതിർന്ന കമാൻഡർമാർ ഉൾപ്പെടെ ഏഴ് റെവല്യൂഷണറി ഗാർഡ് ഓഫീസർമാർ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇസ്രായേൽ-ഇറാൻ ബന്ധം വീണ്ടും രൂക്ഷമാവുകയായിരുന്നു. ഇസ്രായേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ നേരത്തെ അറിയിച്ചിരുന്നു. അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഗാസയിൽ പതിറ്റാണ്ടുകളായി തുടരുന്ന ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ ഇത് വ്യാപകമായ സംഘർഷത്തിന് ഭീഷണിയായിട്ടുണ്ട്.
Iran’s Revolutionary Guards appear to have seized an Israel-linked ship in the Strait of Hormuz | VIDEO#Iran #Israel #MiddleEast
Source: AP pic.twitter.com/pauCU7Ovhl
— IndiaTV English (@indiatv) April 13, 2024