ന്യൂഡല്‍ഹി: ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇസ്രായേലിലെ ഇന്ത്യക്കാര്‍ക്ക് എംബസി ജാഗ്രത നിര്‍ദ്ദേശം നല്‍കി. ഇസ്രായേലിലുള്ള ഇന്ത്യക്കാരോട് എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഫോം നല്‍കി. ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷത്തില്‍ കടുത്ത ആശങ്കയാണ് ഇന്ത്യ രേഖപ്പെടുത്തുന്നത്.
മേഖലയുടെ സുരക്ഷയേയും സ്ഥിരതയേയും ബാധിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങളെന്ന് വിദേശകാര്യകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിച്ച് സംയമനത്തോടെ നയതന്ത്ര ചര്‍ച്ചകള്‍ക്ക് സാഹചര്യം ഒരുക്കണമെന്നും അക്രമത്തിന്റെ പാത സ്വീകരിക്കരുതെന്നും ഇന്ത്യ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സാഹചര്യം നിരീക്ഷിക്കുകയാണെന്നും മേഖലയിലെ എംബസികള്‍ ഇന്ത്യന്‍ സമൂഹവുമായി സമ്പര്‍ക്കത്തിലാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ഇസ്രായേലിന് നേരെ ഇറാന്‍ ആക്രമണം നടത്തിയത്. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. ഇസ്രായേല്‍ സേന ഡ്രോണ്‍, മിസൈല്‍ ആക്രമണം സ്ഥിരീകരിച്ചു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയ്യാറെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഇറാനും ഇസ്രയേലിനും ഇടയില്‍ യുദ്ധം ആസന്നമാണ് എന്ന പ്രതീതി ഇപ്പോഴും നിലനില്‍ക്കുകയാണ്.