175 കോടിയിലേറെ രൂപ വില വരുന്ന സ്വര്‍ണക്കട്ടികള്‍, എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്ത് 42 മിനിറ്റിനുള്ളില്‍ കാണാതായി


ടൊറന്റോ: കൃത്യമായ മൂല്യം വിശദമാക്കാതെ വിമാനത്താവളത്തില്‍ എത്തിച്ചത് 175 കോടിയിലേറെ രൂപ വില വരുന്ന സ്വര്‍ണക്കട്ടികള്‍. എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്ത് 42 മിനുറ്റുകള്‍ക്കുള്ളില്‍ കാണാതായി. കാനഡയെ തന്നെ പിടിച്ച് കുലുക്കിയ ഈ കേസില്‍ ഒരു വര്‍ഷത്തിന് ശേഷം ആറ് പേര്‍ പിടിയിലായി. ടൊറന്റോയിലെ പിയേഴ്‌സണ്‍ അന്തര്‍ദേശീയ വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനലില്‍ നിന്നാണ് 6600 സ്വര്‍ണക്കട്ടികളും 22 കോടിയിലേറെ വില വരുന്ന വിദേശ കറന്‍സിയും സംഘം അതീവ തന്ത്ര പരമായി കടത്തിക്കൊണ്ട് പോയത്.

2023 ഏപ്രിലിലായിരുന്നു വന്‍ കൊള്ള നടന്നത്. പണം വലിയ രീതിയില്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനം സൂറിച്ചില്‍ നിന്ന് എത്തിച്ചതായിരുന്നു സ്വര്‍ണക്കട്ടികള്‍ അടങ്ങുന്ന കാര്‍ഗോ. വ്യാജമായ കാര്‍ഗോ ബില്‍ കാണിച്ചാണ് മോഷ്ടാക്കള്‍ ഈ കാര്‍ഗോ അടിച്ച് മാറ്റിയത്. കഴിഞ്ഞ ഒക്ടോബറില്‍ നഷ്ടമായ കാര്‍ഗോയുടെ മൂല്യം സംബന്ധിച്ച് വിമാനക്കമ്പനിയായ എയര്‍ കാനഡയും സ്വര്‍ണം കൊണ്ടുവന്ന ബ്രിങ്ക്‌സ് കമ്പനിയും തമ്മില്‍ നിയമ പോരാട്ടവും നടന്നിരുന്നു. എയര്‍ കാനഡയുടെ സുരക്ഷാ പിഴവാണ് സ്വര്‍ണം കാണാതായതിന് പിന്നിലെന്ന് കമ്പനി ആരോപിച്ചപ്പോള്‍ കാര്‍ഗോയിലുള്ള വസ്തുക്കളുടെ കൃത്യമായ മൂല്യം സ്ഥാപനം മറച്ചുവച്ചും പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങള്‍ നല്‍കാതെയും എത്തിച്ചതാണ് ഇന്‍ഷുറന്‍സ് അടക്കമുള്ളവ ലഭ്യമാക്കുന്നതില്‍ തടസം നിന്നതെന്നായിരുന്നു വിമാനക്കമ്പനി മറുവാദമുയര്‍ത്തിയത്.

സിനിമാ കഥകളെ വെല്ലുന്ന സംഭവങ്ങളാണ് കൊള്ളയടിയിലുണ്ടായതെന്നാണ് ബുധനാഴ്ച കാനഡ പൊലീസ് വിശദമാക്കിയത്. കാനഡയിലും അമേരിക്കയിലുമായി ആറ് പേരെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. കേസില്‍ മൂന്ന് പേര്‍ക്കെതിരെ വാറന്റും പുറത്തിറക്കിയിട്ടുണ്ട്. അഞ്ച് ടണ്‍ ട്രക്കുമായാണ് മോഷ്ടാക്കള്‍ വിമാനത്താവളത്തിലെത്തിയത്. കടല്‍ മത്സ്യങ്ങളെ കൊണ്ടുപോകാനുള്ള അനുമതിയ്ക്കായുള്ള രേഖകളും ഇവര്‍ സുരക്ഷാ പരിശോധനയില്‍ കാണിച്ചിരുന്നു. എയര്‍ കാനഡയിലെ ജീവനക്കാരുടെ കൂടെ ഒത്താശയിലാണ് കൊള്ള നടന്നതെന്നാണ് പുറത്ത് വരുന്നത്. എയര്‍ കാനഡ ജീവനക്കാരായിരുന്ന പരംപാല്‍ സിദ്ദു, സിമ്രന്‍ പ്രീത് പനേസര്‍ എന്നിവരാണ് കൊള്ളയ്ക്ക് സഹായിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ഇതില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. അടിച്ച് മാറ്റിയ സ്വര്‍ണം ഉരുക്കിയ ശേഷം ആയുധങ്ങള്‍ വാങ്ങാനായി ഉപയോഗിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. സ്വര്‍ണം ഉരുക്കാനായി ഉപയോഗിച്ച ഉപകരണങ്ങളും മറ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാര്‍ഗോ ടെര്‍മിനലില്‍ നിന്ന് സ്വര്‍ണക്കട്ടികള്‍ കടത്തിക്കൊണ്ട് പോയ ട്രക്ക് ഓടിച്ച ഡ്രൈവറെ അടുത്തിടെയാണ് പെന്‍സില്‍വാനിയയില്‍ നിന്ന് അനധികൃത ആയുധങ്ങളുമായി പിടികൂടിയിരുന്നു. ട്രാഫിക് നിയമ ലംഘനത്തിന് പൊലീസ് ഇയാളെ പിടികൂടുന്ന സമയത്ത് ഇയാളുടെ കാറിലുണ്ടായിരുന്നത് അത്യാധുനിക വിഭാഗത്തില്‍ അടക്കമുള്ള 65 തോക്കുകളായിരുന്നു.