കറി മസാലയില്‍ അമിത അളവില്‍ കീടനാശിനി കണ്ടെത്തി


സിംഗപ്പൂര്‍: ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഫിഷ് കറി മസാലയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതായി സിംഗപ്പൂര്‍ അധികൃതര്‍. എവറസ്റ്റ് ഫിഷ് കറി മസാല എന്ന ഉത്പന്നത്തിലാണ് എത്തിലീന്‍ ഓക്‌സൈഡ് എന്ന കീടനാശിനി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ഉത്പന്നം വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചതായി സിംഗപ്പൂര്‍ ഫുഡ് ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഏപ്രില്‍ 18നാണ് ഇത് സംബന്ധിച്ച അറിയിപ്പ് വന്നത്. സിംഗപ്പൂര്‍ ഫുഡ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും പ്രസ്താവന പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ എസ്.പി മുത്തയ്യ ആന്റ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് എവറസ്റ്റ് ഫിഷ് കറി മസാല സിംഗപ്പൂരില്‍ ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയ എത്തിലീന്‍ ഓക്‌സൈഡ് എന്ന കീടനാശിനി മനുഷ്യ ഉപയോഗത്തിന് ഒട്ടും അനിയോജ്യമായ പദാര്‍ത്ഥമല്ല. അനുവദനീയമായ പരിധിക്കപ്പുറം ഇതിന്റെ അളവ് എവറസ്റ്റ് ഫിഷ് കറി മസാലയില്‍ കണ്ടെത്തിയതായി സിഗപ്പൂര്‍ ഫുഡ് അതോറിറ്റിയുടെ അറിയിപ്പില്‍ പറയുന്നു.

കാര്‍ഷിക ഉത്പന്നങ്ങളില്‍ സൂക്ഷ ജീവികള്‍ വളരുന്നത് തടയാന്‍ ഉപയോഗിക്കുന്ന കീടനാശിനിയാണ് എത്തിലീന്‍ ഓക്‌സൈഡ്. പുകയ്ക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ഇവ ഭക്ഷ്യ ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നതിന് കര്‍ശന നിരോധനമുണ്ട്. സിംഗപ്പൂരിലെ നിയമമനുസരിച്ച് സുഗന്ധവ്യജ്ഞനങ്ങളില്‍ അനുവദനീയമായ അളവില്‍ അധികം എത്തിലീന്‍ ഓക്‌സൈഡ് കണ്ടെത്തിയ സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് എവറസ്റ്റ് ഫിഷ് കറി മസാല ഭീഷണിയാണെന്നും സിംഗപ്പൂര്‍ അധികൃതര്‍ പറഞ്ഞു.