കാര്‍ ട്രാക്കില്‍ നിന്ന് തെന്നി മാറിയുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം


കൊളംബോ: റേസ് കാര്‍ ട്രാക്കില്‍ നിന്ന് തെന്നി മാറിയുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. ശ്രീലങ്കയിലാണ് സംഭവം. ദിയതലാവയില്‍ നടന്ന മത്സരത്തിനിടെയാണ് റേസ് കാര്‍ ട്രാക്കില്‍ നിന്ന് തെന്നിമാറി കാണികളുടേയും, ഉദ്യോഗസ്ഥരുടേയും ഇടയിലേക്ക് പാഞ്ഞു കയറിയത്. അപകടത്തില്‍ 20ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.

ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ സ്ഥലം. തേയിലത്തോട്ടങ്ങള്‍ ധാരാളമായിട്ടുള്ള സെല്‍ട്രല്‍ ഹില്‍സിലെ ദിയതലാവയില്‍ ആണ് മത്സരം സംഘടിപ്പിച്ചിരുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് മത്സരം കാണുന്നതിനായി സ്ഥലത്ത് എത്തിയത്.

മത്സരം ആരംഭിച്ച് അല്‍പ്പസമയത്തിനുള്ളിലാണ് ഒരു കാര്‍ തെന്നിമാറി ആളുകള്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറിയതെന്ന് പൊലീസ് വക്താവ് നിഹാല്‍ തല്‍ദുവ പറഞ്ഞു. നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴ് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.