പ്ലസന്റണ്‍: യുഎസിലെ കാലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് കാര്‍ അപകടത്തില്‍ മരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമിത വേഗതയിലെത്തിയ കാര്‍ മറിഞ്ഞ് തീ പിടിക്കുകയായിരുന്നു.
കാലിഫോര്‍ണിയയിലെ സ്റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്. അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. അപകടത്തിന് പിന്നാലെ തീപിടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുകയാണ്. ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് പുറത്തുവിടുമെന്ന് പ്ലസന്റണ്‍ പൊലീസ് അറിയിച്ചു.
തരുണ്‍ ജോര്‍ജും കുടുംബവും സഞ്ചരിച്ചിരുന്നത് ഇലക്ട്രിക് കാറിലാണ്. വാഹനമോടിച്ചിരുന്ന തരുണ്‍ മദ്യപിച്ചിരുന്നതായി കരുതുന്നില്ലെന്നും അമിത വേഗത മൂലം അപകടം സംഭവിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട കുട്ടികള്‍ യൂണിഫൈഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. അപകടവിവരം കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അറിയിച്ചിക്കാനുള്ള ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.