കെനിയക്കാരൻ ആറര കോടിയുടെ കൊക്കൈനുമായി കൊച്ചിയിലെത്തിയതിന് പിന്നിൽ ആര്? ഇടപാടുകാരെ കണ്ടെത്താൻ അന്വേഷണം തുടങ്ങി
കൊച്ചി: കെനിയൻ പൗരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആറര കോടി രൂപയുടെ കൊക്കൈനുമായി പിടിയിലായി. സംഭവത്തിൽ കൊച്ചിയിലുള്ള ഇടപാടുകാർ ആരെന്ന് കണ്ടെത്താൻ ഡിആർഐ അന്വേഷണം ഊർജിതമാക്കി. എത്യോപ്യയിൽ നിന്നും കൊണ്ടുവന്ന മയക്കുമരുന്നിന്റെ കൂടുതൽ വിവരങ്ങളറിയാൻ പ്രതിയെ ജയിലിൽവച്ച് ചോദ്യം ചെയ്യും. മൈക്കിൾ നംഗ എന്ന കെനിയക്കാരനാണ് കഴിഞ്ഞദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് പിടിയിലായത്.
668 ഗ്രാം കൊക്കൈൻ ഒളിപ്പിച്ച 50 കാപ്സ്യൂളുകളായിരുന്നു മൈക്കൾ നംഗയുടെ വയറിലുണ്ടായിരുന്നത്. 6 ദിവസം ഉദ്യോഗസ്ഥർ രാവും പകലും ആശുപത്രിയിൽ കാത്തിരുന്നാണ് ഗുളിക രൂപത്തിലുള്ള മാരക മയക്കുമരുന്ന് പുറത്തെടുത്തത്. ദേഹ പരിശോധനയിലോ ബാഗേജിലോ ലഹരി വസ്തുക്കൾ കിട്ടാതായതോടെയാണ് ആശുപത്രിയിൽ എത്തിച്ച് എക്സൈറേ എടുത്തത്. അന്താരാഷ്ട്ര മാർക്കറ്റിൽ ആറര കോടി രൂപ വിലവരുന്ന മയക്കുമരുന്ന് കേരളത്തിലെത്തിച്ചത് എത്യോപ്യയിൽ നിന്നാണെന്ന് ഡിആർഐ ഉദ്യോഗസ്ഥർ അറിയിച്ചു.
എത്യോപ്യയിലെ ഇടപാടുകാർക്കായി മയക്കുമരുന്ന് കടത്തുന്ന കാര്യർ മാത്രമാണ് മൈക്കൾ നംഗ എന്നാണ് ഡിആർഐ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. നെടുന്പാശ്ശേരിയിൽ ആർക്കാണ് മയക്കുമരുന്ന് കൈമാറേണ്ടത് എന്നതിനെക്കുറിച്ച് പ്രതിയ്ക്ക് വിവരങ്ങളൊന്നും നൽകിയിട്ടില്ല. കൊച്ചിയിലെത്തിയാൽ എത്യോപ്യയിലേക്ക് വിവരമറിയിക്കാൻ മാത്രമാണ് ഇയാൾക്ക് ലഭിച്ച നിർദ്ദേശം. കൊച്ചിയിലെ ഇടപാടുകാർ വിമാനത്താവളത്തിലെത്തി കൂട്ടികൊണ്ടുപോകുമെന്നും പറഞ്ഞിരുന്നു.
ഒരാൾ മാത്രമാണ് മസ്കറ്റ് വഴി കൊച്ചിയിലേക്ക് എത്തിയത്. സംഘത്തിൽ മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്നടതടക്കം അറിയാൻ പ്രതിയെ ചോദ്യം ചെയ്യാനാണ് ഡിഐർഐ നീക്കം. വരും ദിവസങ്ങളിൽ ജയിലിലെത്തി പ്രതിയെ ചോദ്യം ചെയ്യും. ഇതിനായി അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ച് ഉടൻ അപേക്ഷ നൽകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.