ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ കോംഗോ വൈറസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇസ്ലാമാബാദ് ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, കോംഗോ വൈറസ് പടരാനുള്ള സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പ് നല്‍കി. ക്രിമിയന്‍-കോംഗോ ഹെമറാജിക് ഫീവര്‍ ആണ് കോംഗോ വൈറസ് എന്ന പേരില്‍ അറിയപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷവും പാകിസ്ഥാനില്‍ കോംഗോ വൈറസ് ബാധയുണ്ടായി. 2023-ല്‍ ഇതു മൂലം 101 കേസുകള്‍ പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . അതില്‍ നാലിലൊന്ന് ആളുകളും മരിച്ചു. നിലവില്‍ ഈ രോഗത്തിന് പ്രതിവിധിയോ വാക്‌സിനോ ഇല്ല. ഗുരുതരമായ ആഗോള ആരോഗ്യ ഭീഷണിയായി ഇത് കണക്കാക്കപ്പെടുന്നു.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1944 ല്‍ ക്രിമിയയിലാണ് ആദ്യമായി കോംഗോ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്ന് അതിനെ ക്രിമിയന്‍ ഹെമറാജിക് ഫീവര്‍ എന്ന് വിളിച്ചു. 1960 കളുടെ അവസാനത്തില്‍ കോംഗോയില്‍ സമാനമായ ഒരു രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പിന്നീട് അതിന്റെ പേര് ക്രിമിയന്‍-കോംഗോ ഹെമറാജിക് ഫീവര്‍ എന്നാക്കി മാറ്റി.
പരാന്നഭോജികള്‍ വഴി മൃഗങ്ങളുടെ ത്വക്കില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കോംഗോ വൈറസ് മനുഷ്യരിലേക്ക് പടരുന്നു. കടിയിലൂടെയോ രോഗബാധിതനായ മൃഗത്തിന്റെ രക്തവുമായുള്ള സമ്പര്‍ക്കത്തിലൂടെയോ ഈ വൈറസ് മനുഷ്യരിലേക്ക് പടരും. ചെമ്മരിയാടുകളിലൂടെയും ആടുകളിലൂടെയും ഈ വൈറസ് അതിവേഗം പടരുന്നു.
രോഗബാധിതനായ വ്യക്തിയുടെ രക്തവുമായോ ശരീര സ്രവങ്ങളുമായോ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ ഈ വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാം.രോഗബാധ ഉണ്ടായാല്‍ അഞ്ചു മുതല്‍ ആറ് ദിവസം അല്ലെങ്കില്‍ പരമാവധി 13 ദിവസം വരെ എടുക്കാം. രോഗ ലക്ഷണങ്ങള്‍ പെട്ടെന്നാണ് പ്രത്യക്ഷപ്പെടുന്നത്. രോഗം മാരകമാകുന്നവരില്‍, അഞ്ചാം ദിവസം മുതല്‍ കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലാകും. തലച്ചോറിനെ ബാധിച്ചാല്‍ മരണം തീര്‍ച്ചയാണെന്നും വിദഗ്ധര്‍ പറയുന്നു.
ഈ വൈറസിന് വാക്സിന്‍ ലഭ്യമല്ലാത്തതിനാല്‍ ആളുകള്‍ ജാഗ്രതയോടെ അപകടസാധ്യതയുള്ള മേഖലകളിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫുള്‍ സ്ലീവ്, ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ എന്നിവ ധരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.