പോര്‍ട്ട് മൊറെസ്ബി: പാപ്പുവ ന്യൂ ഗിനിയയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണസംഖ്യ ഉയരുന്നു. ഏകദേശം 2,000-ത്തിലധികം പേര്‍ കുടുങ്ങിയതായി യുഎന്‍ റിപ്പോര്‍ട്ട്. രാജ്യത്ത് വന്‍ നാശനഷ്ടമാണ് മണ്ണിടിച്ചിലിന് പിന്നാലെ ഉണ്ടായതെന്ന് ദേശീയ ദുരന്തനിവാരണ സെന്റര്‍ അറിയിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രാജ്യത്തെ പിടിച്ചുലച്ച മണ്ണിടിച്ചിലുണ്ടായത്. തലസ്ഥാനമായ പോര്‍ട്ട് മൊറെസ്ബിയില്‍ നിന്ന് 600 കിലോമീറ്റര്‍ വടക്കുപടിഞ്ഞറായി എങ്കാ പ്രവിശ്യയിലെ മംഗലോ പര്‍വതത്തിന്റെ സിംഹഭാഗമാണ് ഇടിഞ്ഞുവീണത്. ഉറക്കത്തിനിടയില്‍ ആയതുകൊണ്ട് തന്നെ ഭൂരിഭാഗം പേര്‍ക്കും രക്ഷപ്പെടാന്‍ പോലും സാധിച്ചില്ല. ഇത് മരണസംഖ്യ ഉയരാന്‍ കാരണമായി.
മണ്ണിടിച്ചില്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തകരുടെ ജീവന് പോലും ഭീഷണിയുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. പ്രവിശ്യയില്‍ ഗതാഗതവും വൈദ്യുതിയും പൂര്‍ണമായി നിലച്ചു. സൈന്യവും ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളും പ്രാദേശിക സംഘടനകളുമാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്.
ദുരന്തത്തിന്റെ തീവ്രത സംബന്ധിച്ച് ലോകത്തെ അറിയിക്കാന്‍ പാപ്പുവ ന്യൂ ഗിനിയ ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അയല്‍രാജ്യങ്ങളായ ഓസ്ട്രേലിയയും ഫ്രാന്‍സും പിഎന്‍ജിയെ സഹായിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.