ഡ്രൈവിംഗ് സീറ്റില്‍ പുടിന്‍, തൊട്ടടുത്ത് സംസാരിച്ചിരിക്കുന്നത് കിം ജോങ് ഉന്‍, നേതാക്കളുടെ കാര്‍ യാത്ര വൈറല്‍


പ്യോങ്യാങ്: റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ആഡംബര വാഹനങ്ങളിലൊന്ന് കിമ്മിന് സമ്മാനിച്ചതായി ക്രെംലിന്‍ പറഞ്ഞതിന് പിന്നാലെ വ്ളാഡിമിര്‍ പുടിനും കിം ജോങ് ഉന്നും ബുധനാഴ്ച റഷ്യന്‍ നിര്‍മ്മിത ഓറസ് ലിമോസിനില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു.

കനത്ത സുരക്ഷയ്ക്കിടയില്‍ പുടിന്‍ പ്യോങ്യാങ്ങില്‍ നടത്തിയ ആഡംബരപൂര്‍ണമായ സന്ദര്‍ശനത്തിനിടെയാണ് ഇരുവരുടേയും യാത്ര.

ഇരു നേതാക്കളും പരസ്പര പ്രതിരോധ പ്രതിജ്ഞ ഉള്‍പ്പെടെയുള്ള കരാറുകള്‍ ഒപ്പുവെച്ചതായാണ് സൂചന. വര്‍ഷങ്ങളായി റഷ്യയുടെ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട നീക്കങ്ങളിലൊന്ന് ഒരു ‘സഖ്യം’ ആണെന്ന് കിം പറഞ്ഞു.

റഷ്യന്‍ നിര്‍മ്മിത ഓറസ് ലിമോസിന്‍ ആഡംബര കാര്‍ പുടിന്‍ കിമ്മിന് സമ്മാനമായി നല്‍കിയതായി പുടിന്റെ സഹായികളിലൊരാള്‍ പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരിയില്‍ പുടിന്‍ കിമ്മിന് ആദ്യത്തെ ഓറസ് ലിമോസിന്‍ നല്‍കി. അതായത് ഇപ്പോള്‍ അദ്ദേഹത്തിന് കുറഞ്ഞത് രണ്ട് വാഹനങ്ങളെങ്കിലും ഉണ്ട്.

കിമ്മിന്റെ കൈവശം ആഡംബര വിദേശ വാഹനങ്ങളുടെ ഒരു വലിയ ശേഖരം ഉണ്ട്.
ഒരു മെയ്ബാക്ക് ലിമോസിന്‍, നിരവധി മെഴ്സിഡസ്, ഒരു റോള്‍സ് റോയ്സ് ഫാന്റം, ഒരു ലെക്സസ് സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനം ഇങ്ങനെ പോകുന്നു കാര്‍ ശേഖരം.