മറീന ബേ കാസിനോയില്‍ 4 മില്യണ്‍ ഡോളര്‍ സമ്മാനം നേടിയ യുവാവ് അവിടെ വെച്ച് തന്നെ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു


സിംഗപ്പൂര്‍: സിംഗപ്പൂരിലെ മറീന ബേ സാന്‍ഡ്‌സ് കാസിനോയില്‍ 4 മില്യണ്‍ ഡോളര്‍ സമ്മാനം നേടിയതിന് തൊട്ടുപിന്നാലെ യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി. കാസിനോയിലെ ആഹ്ലാദകരമായ അന്തരീക്ഷത്തിനിടയിലാണ് സംഭവം നടന്നത്, അവിടെ നടന്ന പരിപാടിയിലാണ് യുവാവ് 4 ദശലക്ഷം ഡോളര്‍ ജാക്ക്‌പോട്ട് നേടിയത്. ഉടന്‍ തന്നെ യുവാവ് ജനക്കൂട്ടത്തിന് നടുവില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ജീവിതം മാറ്റിമറിച്ച ഭാഗ്യത്തിൽ ആഹ്ലാദിക്കുന്നതിനിടെയാണ് യുവാവ് കുഴഞ്ഞുവീണത്. ഇതോടെ കാസിനോയിലുണ്ടായിരുന്നവർ പരിഭ്രാന്തരായി. കാസിനോയിലെ ജീവനക്കാരും മെഡിക്കൽ സംഘവും പ്രഥമ ശുശ്രൂഷ നൽകി അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഹൃദയാഘാതം സംഭവിച്ചാണ് മരണം. യുവാവ് സ്ഥിരമായി ഈ കാസിനോയിൽ വരാറുണ്ടായിരുന്നു എന്നാണ് വിവരം. ഒറ്റയടിക്ക് ഇത്രയും കൂടുതൽ പണം കയ്യിൽ വന്നതിന്‍റെ ആവേശത്തിലായിരുന്നു യുവാവെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. കാസിനോയ്ക്കുള്ളിൽ നിന്നുള്ള ദൃശ്യം സോഷ്യൽ മീഡിയിൽ വൈറലായി. എന്നാൽ മരിച്ചയാളുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

സിംഗപ്പൂരിലെ ചൂതാട്ട വ്യവസായവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള ആശങ്കകൾ ഉയരുന്നതിനിടെയാണ് ഈ സംഭവം. വൻതോതിൽ പണമിടപാട് നടക്കുന്നതിനാൽ കാസിനോകള്‍ കേന്ദ്രീകരിച്ചുള്ള ക്രിമിനൽ പ്രവർത്തനങ്ങളെ കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. സിംഗപ്പൂരിലെ ആഭ്യന്തര, നിയമ മന്ത്രാലയങ്ങളുടെ സമീപകാല സംയുക്ത റിപ്പോർട്ടിൽ ഈ ആശങ്കകൾ ചൂണ്ടിക്കാട്ടിയിരുന്നു.  കർശനമായ മേൽനോട്ടം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.