മുളക് ചതക്കാനും ആണിയടിക്കാനും വീട്ടമ്മ 20 കൊല്ലമായി ഉപയോഗിച്ചത് ഗ്രനേഡ്! വിവരമറിഞ്ഞ് ബോംബ് സ്ക്വാഡ് പാഞ്ഞെത്തി
കൈയിൽ കിട്ടുന്ന സാധനങ്ങളൊക്കെ ആളുകൾ പലതരം ആവശ്യങ്ങൾക്കുള്ള ആയുധങ്ങളാക്കി ഉപയോഗിക്കാറുണ്ട്. വെറുമൊരു കല്ലുപോലും അടുക്കളയിൽ ഉപയോഗിക്കുന്നതിനുൾപ്പടെ ഉപകാരപ്പെടാറുണ്ട്. എന്നാൽ ഒരു ചുറ്റിക ഉപയോഗിക്കുന്ന ലാഘവത്തോടെ ഗ്രനേഡ് ഉപയോഗിക്കാനൊരു റേഞ്ച് വേണം. എന്തായാലും, ചൈനയിലെ സിയാങ്യാങ്ങിൽ താമസിക്കുന്ന 90 വയസുകാരി ക്വിൻ എന്ന സ്ത്രീ മുളകും ഇഞ്ചിയും വെളുത്തുള്ളിയുമൊക്കെ ചതക്കാൻ 20 വർഷങ്ങളായി ചെയ്യുന്നത് അതാണ്.
പക്ഷെ, താൻ അടുക്കളയിലുപയോഗിച്ചിരുന്നത് പൊട്ടാതെ കിടന്ന, എപ്പോൾ വേണമെങ്കിലും പൊട്ടിയേക്കാവുന്ന ഒരു ഹാൻഡ് ഗ്രനേഡാണ് എന്നുള്ള കാര്യം വർഷങ്ങൾക്ക് ശേഷമാണത്രെ ക്വിൻ തിരിച്ചറിഞ്ഞത്. ലോഹം കൊണ്ടുള്ള എന്തോ ഒരു വസ്തു എന്നു മാത്രമാണ് അത് കണ്ടപ്പോൾ ക്വിൻ കരുതിയത്. ആകൃതിയൊക്കെ വച്ച് നോക്കിയപ്പോൾ അടുക്കളയിൽ മുളക് ചതക്കാനും മറ്റും ഉപയോഗിക്കുകയും ചെയ്യാം. അങ്ങനെയാണ് ക്വിൻ കരുതിയത്.
തന്റെ കൃഷിത്തോട്ടത്തിൽ വച്ചാണത്രെ ക്വിന്നിന് ഈ വസ്തു കിട്ടിയത്. ക്വിൻ ഒരു വീഡിയോയിൽ പറയുന്നത് താനത് അടുക്കളയിൽ മുളക് ചതക്കാനും നട്സുകൾ പൊളിക്കാനും ചുമരിൽ ആണി തറക്കാനും ഒക്കെ ഉപയോഗിച്ചിരുന്നു എന്നാണ്. കഴിഞ്ഞ ആഴ്ച മാത്രമാണ് ഒരാൾ ക്വിന്നിന്റെ കയ്യിലിരിക്കുന്നത് ഒരു ഹാൻഡ് ഗ്രനേഡാണ് എന്ന് തിരിച്ചറിഞ്ഞത്.
ക്വിന്നിന്റെ പഴയ വീട് പൊളിക്കാനെത്തിയ ഒരു തൊഴിലാളിയാണ് ഈ ഹാൻഡ് ഗ്രനേഡ് തിരിച്ചറിയുന്നത്. അയാൾ ഉടൻ തന്നെ ലോക്കൽ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ ബോംബ് നിർവീര്യമാക്കുന്ന സംഘം സ്ഥലത്തെത്തുകയും ഇത് എടുത്തുകൊണ്ടുപോയി നിർവീര്യമാക്കുകയും ചെയ്യുകയായിരുന്നത്രെ.
ക്വിൻ അത് വർഷങ്ങളായി ഉപയോഗിച്ചതിനാൽ തന്നെ അത് കൂടുതൽ മൃദുവായിരുന്നു, ഏറ്റവും ഞെട്ടിക്കുന്ന കാര്യം അതിന്റെ ഫ്യൂസിന്റെ ഒരുഭാഗം തുറന്നിരിക്കുകയും ചെയ്തിരുന്നു എന്നതാണ്. എന്നാൽ, ക്വിന്നിന്റെ ഭാഗ്യം കൊണ്ട് അത് പൊട്ടിത്തെറിച്ചില്ല. ഏതായാലും, ഈ സംഭവത്തോടെ പൊലീസ് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് -പരിചയമില്ലാത്ത ഇത്തരം വസ്തുക്കൾ കണ്ടാൽ എടുത്തുപയോഗിക്കരുത് എന്ന്.