ട്രംപിന് നേരെയുണ്ടായ വെടിവെപ്പിനെ അപലപിച്ച് ബൈഡൻ, സംസാരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് പ്രസ്താവന


വാഷിങ്ടൺ: തിരഞ്ഞെടുപ്പ് റാലിക്കിടെ അമേരിക്കൻ മുൻ പ്രസിഡന്റും നിലവിലെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡോണാൾഡ് ട്രംപിന് നേരെയുണ്ടായ വെടിവയ്പ്പിനെ അപലപിച്ച് പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയിൽ ഇത്തരം ആക്രമണങ്ങൾക്ക് സ്ഥാനമില്ലെന്നും ഇത് ക്ഷമിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

‘ഇത്തരം കാര്യങ്ങൾ ആവർത്തിക്കുന്നത് അനുവദിക്കാനാകില്ല. നമുക്ക് ഇങ്ങനെ ആകാൻ കഴിയില്ല. ഇത് ക്ഷമിക്കാനും കഴിയില്ല’; ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. വെടിയേറ്റ ട്രംപുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും ചികിത്സയിലായതിനാൽ സാധിച്ചില്ലെന്നും ബൈഡൻ വ്യക്തമാക്കി.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡന്റെ എതിരാളിയാണ് ട്രംപ്. ട്രംപിന്റെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും അദ്ദേഹവുമായി സംസാരിക്കാൻ വീണ്ടും ശ്രമിക്കുമെന്നും ബൈഡന്‍ പറഞ്ഞു. അതേസമയം ട്രംപിന്റെ ചെവിയിൽ നിന്ന് രക്തം വരുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.